കൊച്ചി : വിവാദമായ സ്ഥലമിടപാടിൽ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് സംഭവിച്ച സാമ്പത്തികനഷ്ടം ഉത്തരവാദികളിൽ നിന്ന് ഈടാക്കണമെന്നും ഭരണച്ചുമതലയുള്ള പ്രത്യേക ബിഷപ്പായി സെബാസ്റ്റ്യൻ എടയന്ത്രത്തിനെ നിയമിക്കണമെന്നും വിശ്വാസികളുടെ കൂട്ടായ്മ സീറോ മലബാർസഭാ സിനഡിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
പെർമനന്റ് സിനഡ് അംഗങ്ങളെയും കൂരിയ ബിഷപ്പിനെയും നേരിൽകണ്ടാണ് നിവേദനം സമർപ്പിച്ചത്. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജെരാർദ്, കെ.സി.വൈ.എം അതിരൂപത പ്രസിഡന്റ് സൂരജ്, അൽമായ മുന്നേറ്റം കൺവീനർ ബിനു ജോൺ എന്നിവർ ഒപ്പിട്ട നിവേദനമാണ് നൽകിയത്.
നിവേദനത്തിലെ ആവശ്യങ്ങൾ.
# വത്തിക്കാനിൽ നിന്നു നിർദ്ദേശിച്ച പ്രകാരം സ്ഥലം കച്ചവടത്തിൽ അതിരൂപതക്കുണ്ടായ ധാർമികവും ഭൗതികവുമായ നഷ്ടം നികത്തണം.
# ഭൗതികമായ നഷ്ടം 91,40,72,000 രൂപയാണ്. ഈ തുക തിരിച്ച് രൂപതക്ക് ലഭിക്കാനുള്ള നടപടി സ്വീകരിക്കണം.
# ധാർമികമായ നഷ്ടം കണക്കാക്കാവുന്നതിനും അപ്പുറത്താണ്. അതു നികത്താൻ വത്തിക്കാൻ നിയോഗിച്ച കമ്മിഷൻ റിപ്പോർട്ടുകൾ ഉടൻ പ്രസിദ്ധപ്പെടുത്തണം. കുറ്റക്കാരായി കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കണം.
# ഈ വിഷയം ചർച്ച ചെയ്യുമ്പോൾ കർദ്ദിനാൾ ജോർജ് ആലഞ്ചേരി സിനഡിന്റെ അദ്ധ്യക്ഷപദം അലങ്കരിക്കുന്നത് അനുചിതവും അധാർമ്മികവുമായതിനാൽ ഒഴിവാക്കണം.
# ഇനിയും ഇത്തരം സംഭവങ്ങൾ സഭയിൽ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കണം.
# രൂപതയിലെ ക്രയവിക്രയങ്ങൾക്ക് ടെൻഡർ വിളിക്കൽ, പരസ്യപ്പെടുത്തൽ, ലേലം ചെയ്യൽ തുടങ്ങിയവയ്ക്ക് കൃത്യമായ ചട്ടങ്ങളും നടപടി ക്രമങ്ങളും രൂപീകരിക്കണം.
# അതിരൂപതയിലെ ക്രയവിക്രയങ്ങൾ പാസ്റ്ററൽ കൗൺസിലിന്റെയും പ്രസ്ബിറ്ററി കൗൺസിലിന്റെയും തീരുമാനങ്ങൾക്കും പരിശോധനകൾക്കും വിധേയമാക്കണം.
# രൂപതയുടെ വരവു ചെലവ് കണക്കുകൾ എല്ലാ മാസവും പ്രസിദ്ധീകരിക്കണം. ത്രൈമാസക്കണക്കുകൾ പാസ്റ്ററൽ കൗൺസിലിലും പ്രസ്ബിറ്ററൽ കൗൺസിലിലും വായിച്ചു പാസാക്കണം.
# അതിരൂപതയിലെ വിശ്വാസികൾക്കും വൈദികർക്കും പിതാക്കൻമാർക്കുമുണ്ടായ മുറിവുകൾ ഉണക്കണം.
# അതിരൂപതക്ക് പൂർണ അധികാരമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ നിയോഗിക്കണം.
# അതിരൂപതയുടെ പുറത്താക്കപ്പെട്ട ബിഷപ്പ് ജോസ് പുത്തൻവീട്ടിലിനെ പുന:സ്ഥാപിക്കണം.
# ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്തിനെ അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റീവ് ആർച്ച് ബിഷപ്പാക്കണം.
തീരുമാനമില്ലെങ്കിൽ സമരം
സിനഡിൽ തീരുമാനമുണ്ടായില്ലെങ്കിൽ വിശ്വാസികൾ വീണ്ടും തെരുവിലിറങ്ങി സമരം ചെയ്യും. ഇത് സഭയുടെ മുഖം വികൃതമാക്കും. അത്തരം സാഹചര്യം ഒഴിവാക്കണം.
റിജു കാഞ്ഞൂക്കാരൻ
വക്താവ്
അൽമായ മുന്നേറ്റം