kmaacti
2019 -20 വർഷത്തെ കെ.എം.എ പ്രവർത്തനങ്ങൾ എൽ.ഐ.സി മാനേജിംഗ് ഡയറക്ടർ ടി.സി. സുശീൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു. എസ്. രാജ്‌മോഹൻ നായർ, ജിബു പോൾ, സി. ബാലഗോപാൽ, ബിബു പുന്നൂരാൻ എന്നിവർ സമീപം.

വിദ്യാർഥികൾക്ക് 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്
വനിതകൾക്കായി ബാക്ക് ടു ഓഫീസ് പദ്ധതി

കൊച്ചി: ധാർമ്മികത ബിസിനസിൽ ഏറ്റവും അനിവാര്യമായ ഘടകമാണെന്ന് എൽ.ഐ.സി മാനേജിംഗ് ഡയറക്ടർ ടി.സി. സുശീൽകുമാർ പറഞ്ഞു. എങ്ങനെയും ലാഭമുണ്ടാക്കുക എന്നതാവരുത് കമ്പനികളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.എം.,എ) ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുശീൽകുമാർ. ധാർമികതയിലൂന്നിയ പ്രവർത്തനങ്ങൾ മാത്രമാണ് എൽ.ഐ.സി നടത്തിയിട്ടുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് എൽ.ഐ.സി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഏതെങ്കിലും തരത്തിൽ എൽ.ഐ.സി സേവനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിർധനരായ വിദ്യാർത്ഥികൾക്കും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും കെ.എം.എ പഠനസഹായം നൽകും. 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് ഈ വർഷം നൽകുമെന്ന് കെ.എം.എ പ്രസിഡന്റ് ജിബു പോൾ അറിയിച്ചു. വനിതകൾക്ക് ബാക്ക് ടു ഓഫീസ് എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിക്കും. കുടുബത്തിന്റെയും കുട്ടികളുടെയും പരിപാലനത്തിന് ഉപേക്ഷിച്ച ജോലിയിലേയ്ക്ക് തിരികെ വരാത്ത വനിതകളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുക. കേരള മാനേജ്‌മെന്റ് അക്കാദമി പരിശീലനം നൽകും.

മാലിന്യ സംസ്‌കരണം, നവീന സാങ്കേതികവിദ്യകൾ, ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം എന്നിവ പഠിക്കാൻ കെ.എം.എ സംഘം വിദേശ രാജ്യങ്ങൾ സന്ദർശിച്ച് പഠന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറും. കെ.എം.എ വാർഷിക മാനേജ്‌മെന്റ് കൺവൻഷൻ അടുത്ത ഫെബ്രുവരി 19, 20 തിയതികളിൽ നടക്കും.
കെ.എം.എ പ്രസിഡന്റ ജിബു പോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംരംഭകനും എഴുത്തുകാരനുമായ സി. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കിയ ആദ്യ ഓട്ടോ ഡ്രൈവർ ഡോ. കെ. പി. അജിത്തിനെ ആദരിച്ചു. കെ.എം.എ മുൻ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ എസ്. രാജ്‌മോഹൻ നായർ ഓണററി സെക്രട്ടറി ബിബു പുന്നൂരാൻ എന്നിവർ സംസാരിച്ചു.