മൂവാറ്റുപുഴ: കെയർഹോം പദ്ധതിയിൽപ്പെടുത്തി മുടവൂർ കൊരട്ടയിൽ വർക്കിക്ക് പായിപ്ര സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ബാങ്ക് പ്രസിഡന്റെ കെ.എസ്. റഷീദ് വർക്കിയുടെ കുടുംബത്തിന് കെെമാറി. പുതിയ ഭവനാങ്കണത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർ പി.എ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ പൊതു സമ്മേളനം ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയ കരാറുകാരനുള്ള ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ ഏലിയാസ് സമ്മാനിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ പി.ഡി. അനിൽകുമാർ,സിപിഎം ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ, കുമാർ കെ. മുടവൂർ , പഞ്ചായത്ത് മെമ്പർമാരായ കെ.ഇ. ഷിഹാബ്,ബാങ്ക് സെക്രട്ടറി ബി. ജീവൻ എന്നിവർ സംസാരിച്ചു.
കഴിഞ്ഞ പ്രളയ ദുരന്തത്തിലാണ് മുടവൂർ ഗവണ്മെന്റ് യു.പി. സക്കൂളിന് സമീപം താമസിച്ചിരുന്ന കൊരട്ടയിൽ വർക്കിക്ക് വീട് നഷ്ടപ്പെടുന്നത്. 70 വയസുള്ള വർക്കിക്കും ഭാര്യ മറിയക്കുട്ടിക്കും സ്വന്തമായി സമ്പാദ്യമാണ് രണ്ടര സെന്റ് ഭൂമി. ഈ ഭൂമിയിലെ കൊച്ചു വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത് . മറ്റാരുടേയും തുണയില്ലാതെ കൂലിവേല ചെയ്ത് ജീവിച്ചു പോന്ന വൃദ്ധദമ്പതികളുടെ വീടാണ് കഴിഞ്ഞ വർഷത്തെ പ്രളയം റാഞ്ചിയെടുത്തത്. വീട് നഷ്ടപ്പെട്ട് അന്യ വീടുകളിൽ അഭയം തേടി അന്തിയുറങ്ങുന്ന കദന കഥയറിഞ്ഞ പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെഭരണസമതി കെയർഹോം പദ്ധതിക്കായി ഇവരെ തെരഞ്ഞെടുക്കുകയായിരുന്നു. സഹകണ വകുപ്പിന്റേയും, ബാങ്കിന്റേയും, നാട്ടുകാരുടേയും , ജനപ്രതിനിധികളുടേയും ആത്മാർത്ഥമായ സഹകരണം കൊണ്ട് വീടിന്റെ പണി സമയബന്ധിതമായി പൂർത്തിയാക്കുവാൻ കഴിഞ്ഞു.