പള്ളുരുത്തി: കഴിഞ്ഞ എട്ട് മാസമായി പെരുമ്പടപ്പ് കൾട്ടസ് റോഡിലെ കലുങ്ക് നിർമ്മാണം എങ്ങും എത്താതെ നീണ്ടുപോകുന്നു. രണ്ട് ഭാഗങ്ങളിലായാണ് നിർമ്മാണം നടക്കുന്നത്.ഇതിൽ ഒരു ഭാഗത്തെ നിർമ്മാണം പൂർത്തിയായെങ്കിലും മറുഭാഗത്തെ ജോലികൾ എങ്ങും എത്തിയിട്ടില്ല.ഇതിനിടയിൽ ഒരു കാർ ഇവിടെ അപകടത്തിൽപ്പെട്ടു. പഴയ കലുങ്ക് പൊളിച്ചാണ് പുതിയത് നിർമ്മിക്കുന്നത്.ഈ റോഡിൽ 3 ആശുപത്രികളും നിരവധി ആരാധനാലയങ്ങളും സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കോർപ്പറേഷന്റെ നേതൃത്വത്തിൽ ഫണ്ട് മുടക്കിയാണ് നിർമ്മാണം നടക്കുന്നത്. എന്നാൽ കൃത്യമായി ജോലിക്കാർ എത്താത്തതും ആവശ്യത്തിന് സാധനങ്ങൾ ഇല്ലാത്തതും ജോലിയെ ബാധിച്ചിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയും ജോലികളെ ബാധിച്ചിരിക്കുകയാണ്. സമീപത്തെ ഫാത്തിമ്മ ആശുപത്രിയിൽ നിന്നും രോഗം മൂർച്ചിച്ച രോഗികളെ ആംബുലൻസിൽ എറണാകുളത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കാൻസർ ആശുപത്രിയായ ഹോളിക്രോസ് ഹോസ്പിസ് ആശുപത്രിയിൽ നിന്നും മരണമടഞ്ഞവരെയും സ്വദേശത്തേക്ക് കലുങ്ക് പണികൾ നടക്കുന്നതിനാൽ ഇതുവഴി പോകാൻ കഴിയാത്ത സാഹചര്യമാണ്. പ്രദേശത്ത് ഏതെങ്കിലും വീട്ടിൽ മരണം നടന്നാൽ കൊല്ലശേരി റോഡ് വഴി കൊവേന്ത ജംഗ്ഷനിലൂടെ പള്ളികളിലേക്കും പള്ളുരുത്തിയിലെ പൊതുശ്മശാനത്തേക്കും കൊണ്ടു പോകുന്നത്.നഗരസഭാംഗങ്ങളും ഉദ്യോഗസ്ഥരും ഇട പെട്ട് കലുങ്ക് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.