n-c-mohanan
കനിവ് ഭവനത്തിന്റെ താക്കോൽദാനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ സി മോഹനൻ നിർവ്വഹിച്ചു

പെരുമ്പാവൂർ: അവിവാഹിതരായ സഹോദരിമാർക്ക് സിപിഎം മുടക്കുഴ ലോക്കൽ കമ്മറ്റി നിർമ്മിച്ച കനിവ് ഭവനത്തിന്റെ താക്കോൽദാനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ സി മോഹനൻ നിർവ്വഹിച്ചു. പുത്തൻപുര കമലാക്ഷി, ലക്ഷ്മി എന്നിവർക്കാണ് വീട് നിർമ്മിച്ചു നൽകിയത്. കാഞ്ഞിരക്കോട് നാല് സെന്റ് കോളനിയിൽ തകർന്നു വീഴാറായ കുടിലിലായിരുന്നു അറുപതും അമ്പത്തിയഞ്ചും വയസ് പിന്നിട്ട ഇവർ താമസിച്ചിരുന്നത്. വർഷങ്ങൾക്ക് മുൻപ് മാതാപിതാക്കൾ മരണമടഞ്ഞു. ഇവരുടെ ദുരിത ജീവിതം കണ്ടാണ് നാട്ടുകാരുടെ സഹായത്തോടെ പാർട്ടി പ്രവർത്തകർ അടച്ചുറപ്പുള്ള വീട് പണിത് നൽകിയത്. ലോക്കൽ കമ്മറ്റി സെക്രട്ടറി പി കെ ശിവദാസ് കൺവീനറും വി പി മാത്യു ചെയർമാനുമായ ഭവന നിർമാണ കമ്മറ്റി ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. താക്കോൽദാന ചടങ്ങിൽ വി മാത്യു അധ്യക്ഷത വഹിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി പി എം സലിം, സാജു പോൾ, ബിബിൻ പുനത്തിൽ, കെ വി ബിജു, സന്തോഷ് കുമാർ, ബിജു ജേക്കബ്, ജിബുലാൽ, പി കെ ശിവദാസ്, എൻ സതീഷ് എന്നിവർ പ്രസംഗിച്ചു.