വൈപ്പിൻ: പ്രളയഭീതിയിൽ രണ്ട് ദിവസം കഴിച്ചുകൂട്ടിയ വൈപ്പിൻ നിവാസികൾക്ക് ഇന്നലെ ഉച്ചയോടെ ഭീതി ഒഴിഞ്ഞു. എല്ലായിടത്തും വെള്ളം ഇറങ്ങിത്തുടങ്ങി. ഞാറക്കൽ മേരി മാതാ കോളേജ്, പെരുമ്പിള്ളി അസീസി സ്‌കൂൾ, മാലിപ്പുറം സെന്റ് പീറ്റേഴ്‌സ് സ്‌കൂൾ എന്നിവടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിട്ടു. വെള്ളം ഇറങ്ങിയതിനെ തുടർന്ന് ക്യാമ്പുകളിൽ ഉണ്ടായിരുന്നവർ വീടുകളിലേക്ക് മടങ്ങി.
നായരമ്പലം ദേവിവിലാസം യു.പി സ്‌കൂൾ, എടവനക്കാട് ഗവ. യു പി സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകൾ തുടരുന്നു. നായരമ്പലത്ത് 150 പേരും എടവനക്കാട് 71 പേരും ഇപ്പോൾ ക്യാമ്പിൽ ഉണ്ട്. വെളിയത്താംപറമ്പ് പുത്തൻകടപ്പുറം മുതൽ ഹെൽത്ത് സെന്റർ വരെയുള്ളവരാണ് നായരമ്പലം ക്യാമ്പിലുള്ളത്. അണിയൽ, മുരിപ്പാടം ഭാഗങ്ങളിൽ ഉള്ളവരാണ് എടവനക്കാട് ക്യാമ്പിൽ. ഇവരുടെ പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിയിട്ടുണ്ടെങ്കിലും വീടുകളിലും പരിസരങ്ങളിലും ചെളി നിറഞ്ഞ് കിടക്കുകയാണ്. വില്ലേജ് ഓഫീസർമാരുടെ ചുമതലയിൽ സർക്കാർ ഏജൻസികളും സന്നദ്ധസംഘടനകളും ക്യാമ്പിൽ ഉള്ളവർക്ക് ഭക്ഷണം നൽകുന്നുണ്ട്.