വൈപ്പിൻ: ചെറായി വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ ഞായറാഴ്ച ആയിട്ടും ഇന്നലെ കുർബാന നടന്നില്ല. രാവിലെ 7 മണിയോടെ യാക്കോബായ വിഭാഗക്കാർ പള്ളി വളപ്പിലെത്തി. ഇവരുടെ കുർബാന രാവിലെ 9.30 മുതൽ ആയിരുന്നുവെന്നും നേരത്തെ ഇവരെത്തിയത് സംഘർഷം ഉണ്ടാക്കാൻ ആണെന്നും ആരോപിച്ചു താക്കോൽ കൈവശമുഉള്ള ഓർത്തഡോക്‌സ് വിഭാഗം കുർബാനയ്ക്കായി പള്ളി തുറന്നില്ല. സുപ്രീംകോടതിയുടേയും തങ്ങളുടെ പള്ളിയുടെ മാത്രം കേസിൽ എറണാകുളം ജില്ലാ കോടതിയുടേയും വിധി അനുസരിച്ച് പള്ളിയിൽ യാക്കോബായ വിഭാഗത്തിന് അവകാശമില്ലെന്ന് ഓർത്തഡോക്‌സ് വിഭാഗക്കാരനായ വികാരി ഫാ. ടുബി വർഗീസ് വ്യക്തമാക്കി. പള്ളിയിൽ സംഘർഷം ഉണ്ടാക്കി പൊലീസിനെ ഉപയോഗിച്ച്പള്ളി പൂട്ടിക്കാനുള്ള നീക്കമാണ് മറുഭാഗം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുനമ്പം സി.ഐ അഷറഫിന്റെ നേതൃത്വത്തിൽ വലിയൊരു പൊലീസ് സംഘം പള്ളിയിൽ ക്യാമ്പ് ചെയ്യുന്നു.