തൃക്കാക്കര: വിവിധ കനാലുകളുടെയും തോടുകളുടെയും ആഴംകൂട്ടി ജലപ്രവാഹം ഉറപ്പ് വരുത്തുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി വി.എസ് .സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദുരിതാശ്വാസ അവലോകന യോഗം തീരുമാനിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെടുന്നതിന് ശാശ്വത പരിഹാരം കാണണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ചെങ്ങൽ തോടിലെ തടസങ്ങൾ നീക്കാൻ സിയാലിനോട് ആവശ്യപ്പെടും. ഇതിനായി ജനപ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള യോഗം വിളിക്കാൻ മന്ത്രി നിർദ്ദേശം നൽകി. സ്വകാര്യ വ്യക്തികളും വിവിധ സന്നദ്ധ സംഘടനകളും സംഘടിപ്പിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളും സംഭരണ കേന്ദ്രങ്ങളും സർക്കാർ പ്രോത്സാഹിപ്പിക്കില്ല. ഔദ്യോഗിക സംവിധാനങ്ങളുമായി ചേർന്ന് സഹായമെത്തിക്കുന്നതിനുള്ള സ്ജജീകരണങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരോ ജില്ലയിലും സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
എം.പിമാരായ ബെന്നി ബഹന്നാൻ, ഹൈബി ഈഡൻ എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ. വി.പി സജീന്ദ്രൻ, അൻവർ സാദത്ത്, പി.ടി തോമസ്, വി.ഡി സതീശൻ, അനൂപ് ജേക്കബ്, വി.കെ ഇബ്രാഹിം കുഞ്ഞ്, കെ.ജെ മാക്‌സി, ആന്റണി ജോൺ, എൽദോ എബ്രഹാം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ കളക്ടർ എസ്. സുഹാസ്, ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ, വിവിധ സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.