thodu
മാഞ്ഞാലി തോട്ടിൽ ചൂണ്ടാംതുരുത്ത് ഭാഗത്തെ പുല്ല് നീക്കം ചെയ്യുന്നതിന് മുമ്പ്

നെടുമ്പാശേരി: പാറക്കടവ് പഞ്ചായത്തിലെ വിവിധ വാർഡുകളെ വെള്ളക്കെട്ടിലാഴ്ത്തിയ ചൂണ്ടാംത്തുരുത്ത് പാലത്തിൽ അടിഞ്ഞുകൂടിയ പായലും പുല്ലും നീക്കം ചെയ്തു. പുല്ല് നീക്കം ചെയ്തതോടെ മാഞ്ഞാലി തോട്ടിലെ നീരൊഴുക്ക് ശക്തമായി. ജില്ലാ ഭരണകൂടം അടിയന്തര ഇടപെടൽ നടത്തിയതിനെ തുടർന്നാണ് പായലും പുല്ലും നീക്കിയത്.

മണിക്കൂറുകൾക്കകം പ്രദേശത്ത് രണ്ടടിയിലധികം ജലനിരപ്പ് താഴ്ന്നു.

മഴ ശക്തമാകുന്നതിനു മുൻപ് തന്നെ പാലത്തിന്റെ കാലുകളിൽ പുല്ല് അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടിരുന്നു. പഞ്ചായത്ത് ഇടപെട്ട് തടസം നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മഴ കനക്കുകയും പുഴയിൽ ജലനിരപ്പ് കൂടുകയും ചെയ്തതോടെ വെള്ളം സമീപത്തെ പറമ്പുകളിലേക്കും വീടുകളിലേക്കും കയറി. ചെങ്ങമനാട് - മാള റോഡിലേക്ക് വെള്ളം കയറി ഗതാഗതവും തടസപ്പെട്ടു.

നാട്ടുകാരുടെ പരാതിയിൽ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നിർദ്ദേശത്തെ തുടർന്ന് അസിസ്റ്റന്റ് കളക്ടർ മാധവിക്കുട്ടി സ്ഥലം സന്ദർശിച്ചാണ് മേജർ ഇറിഗേഷൻ വകുപ്പിനെ അടിയന്തരമായി പുല്ല് നീക്കം ചെയ്യാൻ ചുമതലപ്പെടുത്തിയത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. ശനിയാഴ്ച്ച പുല്ല് നീക്കാൻ ആരംഭിച്ചെങ്കിലും ആവശ്യമായ യന്ത്രങ്ങൾ ലഭിച്ചില്ല. പിന്നീട് ചൂണ്ടാംതുരുത്ത് പാലത്തിൽ നിന്ന് 20 അടി താഴ്ചയിലുള്ള പുഴയിലേക്കെത്തുന്ന എസ്കവേറ്റർ എത്തിച്ചാണ് പുല്ല് നീക്കം ചെയ്തത്. പിന്നീട് തൈക്കൂടത്തു നിന്ന് മെട്രോയുടെ ജോലികൾ ചെയ്യുന്ന വലിയ എസ്കവേറ്റർ കൊണ്ടുവരികയായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് ജോലി അവസാനിച്ചത്. ഇതോടെ പുഴയിലൂടെയുള്ള നീരൊഴുക്ക് ശക്തമായി.
മേജർ ഇറിഗേഷൻ വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനിയർ സുനിത എം.വി. , അസിസ്റ്റന്റ് എൻജിനിയർ കെ.എസ്. രാധാമണി, ഉദ്യോഗസ്ഥരായ സുധീഷ്, ഫെബി, റസിയ എന്നിവർ നേതൃത്വം നൽകി. ബെന്നി ബഹന്നാൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം ജോൺ, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ എന്നിവർ സ്ഥലം സന്ദർശിച്ചു.