ആലുവ: എല്ലായിടത്തും വെള്ളം ഇറങ്ങിയപ്പോൾ കീഴ്മാട് മുതിരക്കാട് മേഖലയിൽ മുപ്പതോളം വീടുകൾ ഇന്നലെ ഉച്ചമുതൽ വെള്ളക്കെട്ടിലായി. പഞ്ചായത്തുകളിലെ മറ്റ് മേഖലകളിൽ മഴവെള്ളം ഇറങ്ങുകയും ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിടുകയും ചെയ്തതിന് പിന്നാലെയാണ് ഈ സ്ഥിതി. മറ്റ് മേഖലകളിൽ നിന്ന് വെള്ളം ഒഴുകി വന്നതാണെന്നാണ് നാട്ടുകാർ പറയുന്നത്. പാടശേഖരത്ത് നിറഞ്ഞ് നിന്നശേഷം സമീപത്തെ വീടുകളിലേക്കും അപ്പാർട്ടുമെന്റുകളിലേക്കും വെള്ളം കയറുകയായിരുന്നു. പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പെടുന്നതാണ് ഇവിടം. കഴിഞ്ഞ വർഷത്തെ പ്രളയത്തിനോ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലോ ഇവിടെ വെള്ളം കയറിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.