ആലുവ: പ്രളയദുരിത ബാധിതർക്ക് കൈത്താങ്ങാകാൻ വാട്സാപ്പ് കൂട്ടായ്മയും. കുട്ടമശേരി കേന്ദ്രീകരിച്ചുള്ള ബ്രേക്കിംഗ് ന്യൂസ് എന്ന വാട്സാപ്പ് കൂട്ടായ്മയും ചൊവ്വര ചാരിറ്റബിൾ സൊസൈറ്റിയും ഒത്തുചേർന്നാണ് ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകുന്നത്.
ഭക്ഷ്യവസ്തുക്കളും, കമ്പിളിപ്പുതപ്പ്, ലുങ്കി, തോർത്ത്, മെഴുകുതിരി, ബ്രഷ്, അരി തുടങ്ങിയ സാധനങ്ങളാണ് ഇവർ സംഭരിക്കുന്നത്. ഇവ സംഭരിക്കുന്നതിന് ചൊവ്വരയിലും കുട്ടമശേരിയിലും കളക്ഷൻ സെന്ററുകൾ തുറന്നതായും ഇവ രണ്ട് ദിവസം കൂടി പ്രവർത്തിക്കുമെന്നും വാട്സാപ് കൂട്ടായ്മ അഡ്മിൻ ഷിഹാബ് മിയ്യത്ത് പറഞ്ഞു. നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും ഭക്ഷ്യവസ്തുക്കൾ അടക്കം രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ കിട്ടിയിട്ടുണ്ടെന്നും ഇവയെല്ലാം കൂടി പാക്കുചെയ്ത് നിലമ്പൂർ മേഖലയിലേക്ക് ബുധനാഴ്ചയോടെ എത്തിക്കുമെന്നും ഷിഹാബ് പറഞ്ഞു.