ആലുവ: ആറ് കോടി രൂപയുടെ വികസന പ്രവർത്തനം നടക്കുന്ന ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ചെളിക്കുളമായി. സ്റ്റാൻഡിന്റെ ഒരു വശത്ത് മാത്രമാണ് നിലവിൽ ബസ് പാർക്കിംഗ് ഉള്ളത്. ഇങ്ങോട്ട് യാത്രക്കാർക്ക് വരണമെങ്കിൽ ചെളിയിലൂടെ നീന്തേണ്ട അവസ്ഥയാണ്. കനത്ത മഴകൂടിയുള്ള സാഹചര്യത്തിൽ ദീർഘദൂര യാത്രക്കാരടക്കം കടുത്ത ദുരിതത്തിലാണ്.
ഒരു മാസം മുമ്പാണ് കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ പൂർണമായി പൊളിച്ചുനീക്കിയത്. മഴക്കാലമായതിനാൽ കാത്തുനിൽപ്പ് കേന്ദ്രം യാത്രക്കാർക്കായി താത്കാലികമായി നിർമ്മിക്കാൻ മൂന്നാഴ്ച മുമ്പ് തീരുമാനിച്ചെങ്കിലും നടപ്പിലായിട്ടില്ല. അതിനാൽ ശക്തമായ കാറ്റത്തും കനത്ത മഴയത്തും കയറി നിൽക്കാനിടമില്ലാതെ സ്ത്രീകളും കുട്ടികളുമടങ്ങുന നൂറു കണക്കിന് യാത്രക്കാരാണ് കഷ്ടപ്പെടുന്നത്.
# ചിങ്ങത്തിൽ തറക്കല്ലിടും
പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമ്മിക്കാൻ ചിങ്ങമാസത്തിൽ തറക്കല്ലിടാനാണ് തീരുമാനം. അതിനാൽ ഇതിന്റെ പണി തീരുന്നതുവരെ കാറ്റും മഴയും വെയിലും കൊണ്ട് ബസ് കാത്തുനിൽക്കാനാണ് യാത്രക്കാരുടെ വിധി.
ഡിപ്പോ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായി സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് നീക്കിയ കെ.എസ്.ആർ.ടി.സി ബസുകൾ തിരികെയെത്തി. എന്നാൽ ആകെ ചെളിക്കുളമായ ബസ് സ്റ്റാൻഡിൽ ബസുകൾ എവിടെയാണ് നിർത്തുന്നത് അറിയാത്തതിനാൽ യാത്രക്കാർ പലപ്പോഴും ഓട്ടത്തിലാണ്. ചില ബസുകൾ സ്റ്റാൻഡിന് പുറത്ത് റോഡിൽ തന്നെയാണ് നിർത്തുന്നത്.
# യാത്രക്കാർ ഗതികേടിൽ
# കാത്തിരിപ്പ് കേന്ദ്രമില്ല
# സർവീസുകൾ തോന്നിയപോലെ
# ബസുകളെക്കുറിച്ചറിയാൻ സംവിധാനമില്ല
# ബസുകളുടെ സമയവിവരപ്പട്ടികയും മാറ്റി.