നെടുമ്പാശേരി: പ്രളയം പിഴുതെറിഞ്ഞ മനുഷ്യജീവനുകളുടെ നൊമ്പര വാർത്തയറിഞ്ഞ് സഹായ ഹസ്തവുമായി 'ആദം ഷിജു'വും കൂട്ടാളികളും വടക്കൻ ജില്ലകളിലേക്ക് യാത്രതിരിച്ചു. ഷിജുവിന്റ ഉടമസ്ഥതയിലുള്ള ടോറസുകളിലും മറ്റ് വാഹനങ്ങളിലുമാണ് സഹായങ്ങൾ എത്തിക്കുന്നത്. ഭക്ഷ്യവസ്തുക്കളടക്കം അടിയന്തരാവശ്യ സാധനങ്ങളുമായി ആദ്യ ലോഡ് നിലമ്പൂരിലേക്ക് പോയി. ചെങ്ങമനാട് പാലപ്രശേരി പടമിറ്റത്ത് ഷിജുവെന്ന 'ആദം ഷിജു'വും സുഹൃത്തുക്കളുമായിരുന്നു കഴിഞ്ഞ മഹാപ്രളയത്തിൽ വെള്ളത്താൽ ചുറ്റപ്പെട്ട കുടുംബങ്ങൾ കനിവിനായി മുറവിളിയുയർത്തിയപ്പോൾ ആദ്യമായി സഹായവുമായി പാഞ്ഞെത്തിയത്. നൂറിലേറെ യുവാക്കൾ സർവ സന്നദ്ധരായി ആഴ്ചകളോളമാണ് ജീവകാരുണ്യരംഗത്ത് നിലയുറപ്പിച്ചത്.
പാലപ്രശേരിയിലെ ഷിജുവിന്റെ പാർക്കിൽ നിന്ന് ശനിയാഴ്ച ഉച്ചയോടെ ആവശ്യസാധനങ്ങളുമായി ടോറസ് പുറപ്പെട്ടപ്പോൾ വിവിധ തുറകളിലുള്ളവരെത്തെി ഊഷ്മളമായ യാത്രഅയപ്പാണ് നൽകിയത്. ജീവകാരുണ്യത്തിൽ പങ്കാളികളാകാൻ തത്പരരായവർക്കായി പാലപ്രശേരിക്കവലയിൽ മുഴുസമയവും പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററും തുറന്നിട്ടുണ്ട്.