മൂവാറ്റപുഴ: മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴ്ന്നതോടെ നഗരം സാധാരണ നിലയിലേക്ക്. വെള്ളം കയറിയപ്പോൾ മാറ്റിയ ചരക്കുകൾ തിരിച്ചിറക്കുന്ന തിരക്കിലായിരുന്നു മദ്ധ്യകേരളത്തിലെ പ്രമുഖ വ്യാപാരകേന്ദ്രങ്ങൾ സ്ഥിതി ചെയ്യന്ന കാവുംങ്കര മേഖലയിൽ . നഗരവും പരിസരവും പ്രളയകെടുതിയിലായതിനാൽ പെരുന്നാൾ തലേന്നായിട്ട് പോലും നഗരത്തിൽ വലിയ ആരവങ്ങളില്ലായിരുന്നു. പെരുന്നാളിനായി വ്യാപാര ശാലകളിലേക്കെത്തിച്ച സാധനങ്ങൾ വെള്ളപാച്ചിലിൽ വ്യാപാരികൾ മാറ്റിയിരുന്നെങ്കിലും കുറെയെല്ലാം വെള്ളത്തിൽനശിക്കുകയും ചെയ്തിരുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് ആരംഭിച്ച 21 ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരത്തോളം കുടുംബങ്ങളാണ് കിഴക്കൻ മേഖലയിൽ അഭയം തേടിയിരുന്നത്. വെള്ളം ഇറങ്ങിയതോടെ ദുരിതാശ്വാസ ക്യമ്പുകളിൽ നിന്ന് ജനങ്ങൾ വീടുകളിലേക്ക് മടങ്ങി തുടങ്ങിയിട്ടുണ്ട്. നിലവിൽ മൂവാറ്റുപുഴ പിറവം മേഖലകളിലായി 12 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 7 ക്യാമ്പുകൾ പിറവത്തും 5 ക്യാമ്പുകൾ മൂവാറ്റുപുഴയിലുമാണുള്ളത്. 48 കുടുംബങ്ങളാണ് ഇപ്പോൾ 12 ക്യാംപുകളിലായുള്ളത്. രണ്ടു ദിവസം കൂടി ക്യാമ്പുകൾ തുടരാനാണ് തീരുമാനം.'.