മൂവാറ്റുപുഴ: കുട്ടമ്പുഴയിൽ ജനവാസ മേഖലകളിലേക്ക് കയറുന്ന കാട്ടാനകൾ ദുരൂഹസാഹചര്യത്തിൽ ചരിയുന്നത് തുടർക്കഥയായി. നടപടിയില്ലാതെ അധികൃതർ. കുട്ടമ്പുഴ ആനക്കയത്തിനടുത്ത് പൂയംകുട്ടി വഴിയിൽ ഒരു വീടിന്റെ പറമ്പിൽ 22 വയസ് പ്രായമുള്ള കൊമ്പനാന ഏതാനം ദിവസം മുമ്പ് ഷോക്കേറ്റ് ചരിഞ്ഞിരുന്നു. കഴിഞ്ഞ മാസവും കാട്ടാന ചരിഞ്ഞിരുന്നു. ഓരോ മഴക്കാലത്തും നിരവധി ആനകൾ ഈ മേഖലകളിൽ ചരിയുന്നു. സ്വാഭാവിക വനമേഖലയുടെ നാശവും ആനത്താരകളിലെ കൈയേറ്റവും മൂലം ഒറ്റപ്പെട്ടുപോകുന്ന ആനകളാണ് കുടിയേറ്റ മേഖലകളിലേക്ക് കടക്കുന്നത്.
വിവിധ സർക്കാർ വകുപ്പ് മേലധികാരികൾക്ക് പരാതി നൽകുമെന്ന് ഗ്രീൻ പീപ്പിൾ പ്രവർത്തകൻ അസീസ് കുന്നപ്പിള്ളി കേരളകൗമുദിയോട് പറഞ്ഞു. പശ്ചിമഘട്ടത്തിലെ ജനവാസ കേന്ദ്രത്തിനോട് അടുത്ത ഉൾവനങ്ങളിൽ അസാധാരണമായി ചരിയുന്ന ആനകളുടേത് സ്വാഭാവിക മരണം എന്ന് കാണിച്ച് കേസ് അവസാനിപ്പിക്കുന്നതും സാധാരണമായി.
കാട്ടാനയുടെ കൊലക്കളം
. കുട്ടമ്പുഴ, പൂയംകുട്ടി,വടാട്ടുപാറ തുടങ്ങിയ വനമേഖലകൾ പരസ്പരബന്ധമില്ലാതെ ഒറ്റപ്പെട്ടു
. ഈ വനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ആനത്താരകൾ കൈയേറി
. സർക്കാരുംവ്യക്തികളും നിർമ്മിച്ച വൈദ്യുതി കമ്പിവേലികൾ വിനയായി