കൊല്ലം: ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാരായ ഏഴ് പേർക്ക് പരിക്കേറ്റു. ഗൾഫിലേക്ക് പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോകുന്നവരുടെ കാറും കാനഡയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി ചേർത്തലയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.

ചോറ്റാനിക്കര സ്വദേശിയായ വിശ്വനാഥൻ (50), മകൻ വിശാൽ (17), ഇവരുടെ കാർ ഡ്രൈവർ സനുമോൻ ജോണി (22), രണ്ടാമത്തെ കാറിലെ യാത്രക്കാരായ ചേർത്തല സ്വദേശികളായ ജോയ് (55), ഭാര്യ മോളി (53), മകൾ ജോളി (30), ഇവരുടെ കാർ ഡ്രൈവർ ജിൻസ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഗൾഫിൽ വിദ്യാർത്ഥിയായ വിശാൽ പിതാവുമൊത്ത് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകവേ ആയിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ വിശാലിന്റെ നില ഗുരുതരമാണ്.

ജോയിയും ഭാര്യയും മക്കളും കാനഡയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ചേർത്തലയിലെ വീട്ടിലേക്ക് പോവുകയായിരുന്നു. അപകടത്തിൽപ്പെട്ട രണ്ട് കാറുകളും ടാക്സികളാണ്.