നായരമ്പലം (കൊച്ചി) : 'ഇതൊന്നും ആളുകളറിയാനായി ചെയ്‌തതല്ല. ദൈവത്തിന് മുന്നിലേ കണക്കുവയ്ക്കേണ്ടതുള്ളൂ, അതേ ചെയ്‌തുള്ളൂ"- സോഷ്യൽ മീഡിയയിൽ താരമായപ്പോഴും പി.എം. നൗഷാദിന്റെ വാക്കുകളിൽ എളിമ. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കച്ചവടത്തിനെത്തിച്ച വസ്ത്രങ്ങൾ ചാക്കുകളിൽ വാരിക്കെട്ടി നൽകിയാണ് നൗഷാദ് കരുണയുടെ വെളിച്ചമേകിയത്.
ബലിപ്പെരുന്നാൾ ആഘോഷിക്കേണ്ട സമയത്താണ് രണ്ടാമതെത്തിയ പ്രളയമഴ വടക്കൻ കേരളത്തെ തകർത്തത്. ദുരിതാശ്വാസത്തിന് സംഭാവന ചെയ്യണോ വേണ്ടയോയെന്ന് സംശയിച്ചവരുടെ മുന്നിലേക്കാണ് പെരുന്നാൾ, ഓണം കച്ചവടത്തിനെത്തിച്ച വസ്ത്രങ്ങൾ നൗഷാദ് വാരി നൽകിയത്. വലിയ നഷ്ടമല്ലേ ചോദ്യത്തോട് 'പോകുമ്പോൾ നമ്മളാരും ഇത് കൊണ്ടുപോകൂല്ലല്ലോ. ഇതാണ് എന്റെ പെരുന്നാൾ" എന്നായിരുന്നു മറുപടി.
പതിനഞ്ചുവർഷം മുമ്പാണ് മട്ടാഞ്ചേരിക്കാരൻ നൗഷാദ് എറണാകുളം ബ്രോഡ്‌വേയിൽ തുണിക്കച്ചവടത്തിനെത്തിയത്. വഴിയോരത്താണ് കച്ചവടം. സംഭാവന കിട്ടുമോ എന്നറിയാനെത്തിയ കുസാറ്റ് കളക്ഷൻ സെന്ററിലെ നടൻ രാജേഷ് ശർമ്മയുൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകർ നൗഷാദിനെ സമീപിച്ചിരുന്നു. തുടർന്ന് ഇവരെയും കൂട്ടി തന്റെ കൊച്ചു ഗോഡൗണിലെത്തിയ നൗഷാദ് പുത്തൻ വസ്ത്രങ്ങൾ അഞ്ചെട്ട് ചാക്കുകളിലാക്കി വാരിക്കെട്ടി നൽകി. ഇത് രാജേഷും സംഘവും സോഷ്യൽമീഡിയയിൽ ലൈവ് ഇട്ടതോടെ പ്രളയകാലത്തെ കരുണയുടെ മുഖമായി നൗഷാദ് മാറി.
ബലിപ്പെരുന്നാൾ ദിവസം നൗഷാദിന്റെ ഫോണിന് വിശ്രമമുണ്ടായിട്ടില്ല. നടൻ ജയസൂര്യയുൾപ്പെടെ നിരവധി പ്രമുഖർ വിളിച്ച് അഭിനന്ദിച്ചു. മന്ത്രി കെ.കെ. ശൈലജ ഫേസ്ബുക്കിൽ അഭിനന്ദിച്ചു. കണ്ടും കേട്ടുമറിഞ്ഞ് വീട്ടിലുമെത്തിയത് നിരവധി അതിഥികൾ. നഷ്ടം നികത്താൻ ചിലർ പണവും വാഗ്‌ദാനം ചെയ്‌തു. 'എനിക്ക് പണം വേണ്ട. അത് പാവപ്പെട്ട രോഗികൾക്കോ പണത്തിന് ബുദ്ധിമുട്ടുന്നവർക്കോ നൽകിയാൽ മതി" - സ്നേഹപൂർവം നിരസിക്കുകയാണ് നൗഷാദ്.
അഞ്ചു വർഷമായി വൈപ്പിൻ മാലിപ്പുറത്തെ പനച്ചിക്കൽ വീട്ടിൽ ഭാര്യ നിസയ്‌ക്കും മക്കൾ ഫർസാനയ്ക്കും ഫഹദിനൊപ്പമാണ് താമസം. ബലിപെരുന്നാളാണെങ്കിലും പ്രളയത്തിൽ മുങ്ങിയവരെ ഓർക്കുമ്പോൾ മറ്റൊരു ആഘോഷത്തിനും മനസ് അനുവദിക്കില്ലെന്ന് നൗഷാദ് പറയുന്നു. രണ്ടുദിവസങ്ങളായി സോഷ്യൽമീഡിയയിൽ നൗഷാദ് വിശേഷങ്ങളുടെ പ്രളയമാണ്. കലാകാരനായ ഡാവിഞ്ചി സുരേഷ് നൗഷാദിന്റെ രൂപം തുണിയിലുണ്ടാക്കിയതും വൈറലായി.