1
എറണാകുളം കളക്ടറേറ്റിൽ പാർക്ക് ചെയ്തിരിക്കുന്ന ലേബർ ഡിപ്പാർട്മെന്റിന്റെ കരാർ വാഹനം

തൃക്കാക്കര : വിലക്ക് വന്നിട്ടും കേരള സർക്കാർ ബോർഡുകളുമായി പായുന്ന വാഹനങ്ങൾക്ക് ഒരു കുറവുമില്ല. അനധികൃത സർക്കാർ ബോർഡുവച്ച വാഹനങ്ങൾക്കെതിരെ നടപടിക്ക് മോട്ടോർ വാഹന വകുപ്പിനും മടി.

വിവിധ സർക്കാർ വകുപ്പുകൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഭരണഘടനാപരമായ അധികാരസ്ഥാപനങ്ങൾ എന്നിവയുടെ വാഹനങ്ങളിൽ ‘കേരള സർക്കാർ’ ബോർഡ് അനുവദനീയമല്ല.

ജില്ലാ ഭരണസിരാ കേന്ദ്രത്തിന്റെ മൂക്കിന് താഴെ ഹരിത കേരളം, ലൈഫ് മിഷൻ, ജില്ലാ ലേബർ ലേബർ ഡിപ്പാർട്ട്മെൻറ് തുടങ്ങിയ വകുപ്പുകളുടെവാഹനങ്ങൾക്ക് ഈ ബോർഡുണ്ട്. കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷൻ നേരത്തെ എറണാകുളം ആർ .ടി .ഒ ക്ക് പരാതി കൊടുത്തിരുന്നു. തുടർന്ന് ബോർഡ് മാറ്റാൻ ഡിപ്പാർട്ട്മെന്റ് തലവന്മാർക്ക് നോട്ടീസ് കൊടുത്തു. ചില വാഹനങ്ങളുടെ ബോർഡുകൾ നീക്കം ചെയ്തു.എന്നാൽ തുടർ നടപടി ഉണ്ടായില്ല.

കേരള സ്റ്റേറ്റ് ‘ എന്ന ബോർഡ് സംസ്ഥാന മന്ത്രിമാർക്കോ തത്തുല്യപദവി വഹിക്കുന്നവർക്കോ നൽകിയ വാഹനത്തിൽ മാത്രമേ പ്രദർശിപ്പിക്കാവൂ. അല്ലാത്ത വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് ട്രാൻസ്‌പോർട്ട് കമ്മിഷണറും ജില്ലാ കളക്ടറും നിർദേശം നൽകിയിരുന്നു.ഒന്നും പാലിക്കപ്പെട്ടില്ല.

ചട്ടങ്ങൾ ഇങ്ങനെ:

അതത് സ്ഥാപനങ്ങളുടെ ബോർഡ് മാത്രമാണ് വാഹനങ്ങളിൽ പ്രദർശിപ്പിക്കേണ്ടത്.

ഊരി മാറ്റാവുന്നതോ ഇളക്കി മാറ്റാവുന്നതോ ആയ ബോർഡുകൾ ഘടിപ്പിക്കരുത്

ടാക്‌സി വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ഓൺ കോൺട്രാക്ട് എന്നെഴുതി വാഹനം ഉപയോഗിക്കുന്ന വകുപ്പിന്റെ പേരും എഴുതണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനത്തിൽ മുന്നിലും പിന്നിലും ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കാം

രജിസ്‌ട്രേഷൻ നമ്പർ മറയ്ക്കുന്ന രീതിയിൽ ബോർഡ് പ്രദർശിപ്പിക്കാൻ പാടില്ല.

ബോർഡിന്റെ നിറവും അളവുകളും ഉത്തരവുകളിൽ പ്രത്യേകം പറയുന്നത് പാലിക്കണം