crime

കൊച്ചി: പെരുമ്പാവൂർ കൂവപ്പടിയിൽ മദ്ധ്യപ്രദേശ് സ്വദേശി വെട്ടേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും ഏറെ മാറി ലഭിച്ച കത്തിയുടെ കവർ കേന്ദ്രീകരിച്ച്. പൊലീസ് കണ്ടെടുത്തത് പുതിയ കവറാണ്. അതിനാൽ, കൊലപ്പെടുത്താൻ പ്രതി ഉപയോഗിച്ചതും പുതിയ കത്തി ആയിരിക്കുമെന്നാണ് നിഗമനം. കഴിഞ്ഞ ശനിയാഴ്ചയാണ് അരിമില്ല് ജീവനക്കാരനായ സോനു സാകേത് (30) കൊല്ലപ്പെട്ടത്. ഐമുറിയിൽ റോഡരികിലെ കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് സമീപ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. ഇയാളുടെ സുഹൃത്തുക്കളിൽ പലരും ഒളിവിലാണ്. മൂന്ന് പേരെയാണ് പൊലീസ് സംശയിക്കുന്നത്. ഇവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരിൽ ആരെങ്കിലും സമീപ പ്രദേശങ്ങളിലെ കടകളിൽ നിന്നും അടുത്തിടെ കത്തി വാങ്ങിയിട്ടുണ്ടോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്.

സോനു പോയ വഴിയേ..

കമ്പനി ക്വാർട്ടേഴ്‌സിലാണ് സോനു താമസിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് മൂന്നിന് സുഹൃത്തുക്കൾക്കൊപ്പമാണ് സോനു കമ്പനിയിൽ നിന്നിറങ്ങിയത്. കവലയിലെത്തി സാധനങ്ങൾ വാങ്ങി. ഇതിന് ശേഷം എന്ത് സംഭവിച്ചെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സോനു സഞ്ചരിച്ചെന്ന് കരുതുന്ന വഴികളിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് വരികയാണ്. സുഹൃത്തുക്കളിൽ ചിലരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ,​ അന്വേഷണത്തെ സഹായിക്കുന്ന തുമ്പൊന്നും ലഭിച്ചിട്ടില്ല. കമ്പനിയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് ഇന്നും നാളെയുമായി മൊഴി രേഖപ്പെടുത്തും. അതേസമയം,​ സോനുവിന്റെ സുഹൃത്ത് ഒരു മാസം മുമ്പ് കമ്പനിയിൽ നിന്ന് പോയിരുന്നു. ഇയാളുമായി സോനുവിന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി പറയുന്നു. ഇയാളും ഒളവിലാണ്.

അഴത്തിൽ മുറിവില്ല

തലയിലും കൈയിലും നെഞ്ചിലുമാണ് മുറിവേറ്റിട്ടുള്ളത്. എന്നാൽ, ഏതുതരത്തിലുള്ള മുറിവാണെന്ന് വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. അതേസമയം,​ ദേഹത്ത് അഴത്തിൽ മുറിവില്ലെന്നും സോനു ക്രൂരമർദ്ദനത്തിനു വിധേയമായെന്നുമാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സോനുവിന്റെ ബന്ധുക്കൾ ഇന്ന് കൊച്ചിയിലെത്തും. തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ഇന്നുതന്നെ ബന്ധുക്കൾക്ക് കൈമാറും. രണ്ട് മാസം മുമ്പാണ് സോനു വിവാഹിതനായത്. റൂറൽ എസ്.പി കെ.കാർത്തിക് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. കോടനാട് സി.ഐയ്ക്കാണ് അന്വേഷണ ചുമതല.

അറസ്റ്റ് വൈകില്ല

പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. വൈകാതെ അറസ്റ്റ് ഉണ്ടാകും. നിലവിൽ ആരും കസ്റ്റഡിയിൽ ഇല്ല. മൊഴിയെടുക്കാനായി ചിലരെ വിളിപ്പിച്ചിരുന്നു. സോനു ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

സജി മാർക്കോസ്, സി.ഐ, കോടനാട്