കോലഞ്ചേരി: പ്രളയഭീതിയിൽ അന്യസംസ്ഥാന തൊഴിലാളികൾ നാടു വിടുന്നു. താമസ സ്ഥലങ്ങളിൽ വെള്ളം കയറുകയും ജോലിക്കു നിന്ന സ്ഥാപനങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ അടച്ചിടുകയും ചെയ്തതോടെയാണ് കൂട്ട പാലായനം. ട്രെയിൻ സർവ്വീസുകൾ താറു മാറായതോടെ പലരും ബസിൽ സംസ്ഥാനം കടന്ന് തമിഴ്നാട്, മംഗളുരു എന്നിവിടങ്ങളിൽ നിന്നും ട്രയിൻ മാർഗമാണ് നാട്ടിലേയ്ക്ക് പോകുന്നത്. ഇതു മൂലം ജില്ലയിലെ വ്യാപാര മേഖലയും നിർമ്മാണ മേഖലയും പ്രതിസന്ധിയിലായി.
600 രൂപ മുതൽ 800 വരെ ദിവസക്കൂലി നേടുന്ന അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിലെ വ്യാപാര മേഖലക്ക് ഉണ്ടാക്കുന്ന ഉണർവ് ചെറുതല്ല. വസ്ത്ര വ്യാപാരം, ഹോട്ടൽ, പലചരക്ക് , മൽസ്യം , കോഴി , പച്ചക്കറി , മൊബൈൽ ഫോൺ തുടങ്ങി നിരവധി വ്യാപാരികളാണ് ഇവരെ കൊണ്ട് പിടിച്ചു നില്ക്കുന്നത്.
ഇതോടെ പ്രൈവറ്റ് ബസ്, ഓട്ടോ റിക്ഷ തുടങ്ങിയ ട്രാൻസ്‌പോർട്ട് മേഖലയിലും, ചന്തകൾ , നിർമ്മാണ മേഖലയും സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്. പെരുമ്പാവൂരിൽ മാത്രം ഒരു ലക്ഷത്തിലധികം അന്യ സംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്. കേരളത്തിൽ ഏറ്റവുമധികം ബംഗാളികൾ ഉള്ള സ്ഥലമാണിത് .
1990 കളിൽ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിലേക്കാണ് ആദ്യമായി അന്യ സംസ്ഥാന തൊഴിലാളികൾ കടന്നുവന്നത്. അസമിലെ പ്ലൈവുഡ് ഫാക്ടറികളിൽ പ്രവർത്തിച്ചു പരിചയം ഉള്ള അസാമികളാണ് ആദ്യ കുടിയേറ്റക്കാർ.
പെരുമ്പാവൂരിൽ നൂറുകണക്കിന് പ്ലൈവുഡ് ഫാക്ടറികൾ ഉണ്ട്. പിന്നീട് ഇവർ കെട്ടിടനിർമാണം, ബാർബർഷോപ്, ഹോട്ടൽ മേഖല, വർക് ഷോപ് , ഇഷ്ടികക്കളം, ഇലക്ട്രിക്ക് , പ്ലംബിംഗ് , പെയിന്റിംഗ് , തട്ടു കട , ബേക്കറികൾ , കൂലിപ്പണി തുടങ്ങി മിക്കവാറും ശാരീരിക അധ്വാനം വേണ്ട ജോലികളെല്ലാം കുത്തകയാക്കി.
പ്രളയഭീതിയിൽ ഇവർ നാടു വിടുന്നതോടെ ഈ മേഖലകളെല്ലാം സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങും. കഴിഞ്ഞ വർഷവും സമാനമായ പ്രശ്നം ഉടലെടുത്തിരുന്നു. വയനാടും കോഴിക്കോടും മലപ്പുറത്തുമുണ്ടായ പ്രളയ ദുരന്തങ്ങൾ കണ്ട ഇവരുടെ നാട്ടിൽ നിന്നും കുടുംബാംഗങ്ങൾ നിർബന്ധിച്ചാണ് പലരേയും നാട്ടിലേയ്ക്ക് വിളിപ്പിക്കുന്നത്.