# വിനോദസഞ്ചാര പാതയുമാകും
കൊച്ചി : ട്രാക്കും സിഗ്നൽ സംവിധാനവും സമ്പൂർണം, സ്റ്റേഷനുകളുടെ മിനുക്കുപണികൾ ബാക്കി. പെരുമഴയെയും കൂസാതെ കൊച്ചി മെട്രോയുടെ മഹാരാജാസ് - തൈക്കൂടം പാതയുടെ നിർമ്മാണം അന്തിമഘട്ടത്തിലേയ്ക്ക്. സെപ്തംബർ ആദ്യത്തോടെ ട്രെയിനോടിക്കാൻ ലക്ഷ്യമിട്ടാണ് നിർമ്മാണം മുന്നേറുന്നത്.
കേരളത്തെ വിറപ്പിച്ച പെരുമഴ മെട്രോ നിർമ്മാണത്തെ സാരമായി ബാധിച്ചിട്ടില്ല. സ്റ്റേഷനുകളിലെ നിർമ്മാണമാണ് നിലവിൽ പ്രധാനമായി തുടരുന്നത്. സിവിൽ നിർമ്മാണം പൂർണമായി പൂർത്തിയായ സ്റ്റേഷനുകളിൽ ലിഫ്റ്റ്, എലിവേറ്റർ തുടങ്ങിയ സംവിധാനങ്ങളും സ്ഥാപിച്ചതായി നിർമ്മാണച്ചുമതല വഹിക്കുന്ന ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) അധികൃതർ പറഞ്ഞു. മിനുക്കുപണികളാണ് ബാക്കിയുള്ളത്.
# സംവിധാനങ്ങൾ സ്ഥാപിക്കണം
സ്റ്റേഷനുകളിൽ ടിക്കറ്റിംഗ്, കസ്റ്റമർ കെയർ, പ്രവേശനം തുടങ്ങിയ സംവിധാനങ്ങളാണ് ഇനി സ്ഥാപിക്കാനുള്ളത്. മെട്രോയുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ് കെ.എം.ആർ.എൽ ഇവ സ്ഥാപിക്കേണ്ടത്. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഡി.എം.ആർ.സി ഒരുക്കിയിട്ടുണ്ട്. യന്ത്രസംവിധാനങ്ങൾ സ്ഥാപിക്കുന്ന ജോലികൾക്ക് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കെ.എം.ആആർ.എൽ വൃത്തങ്ങൾ പറഞ്ഞു. സെപ്തംബർ ആദ്യത്തോടെ ഇവയും പൂർത്തിയാകും.
# ദൃശ്യവിസ്മയം
നഗരഹൃദയത്തിൽ എം.ജി റോഡിലെ മഹാരാജാസ് സ്റ്റേഡിയം മുതൽ വൈറ്റില തൈക്കൂടം വരെ നീളുന്ന അഞ്ചര കിലോമീറ്റർ മെട്രോ പാത വിനോദസഞ്ചാരികളെയും ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചമ്പക്കര കായൽ, എളംകുളം കായൽ എന്നിവയുടെ കാഴ്ചകൾ മെട്രോയിൽ നിന്ന് ആസ്വദിക്കാൻ കഴിയും.ഹരിതാഭവും ദൃശ്യവിസ്മയവും നിറഞ്ഞതാണ് ഈ റൂട്ട്. വൈറ്റില ഹബും ജംഗ്ഷനും കടവന്ത്രയും പിന്നിട്ടാണ് തൈക്കൂടത്തു നിന്ന് മഹാരാജാസ് വരെ പാതയെത്തുക. . റെയിൽവെ ലൈനിന് മുകളിലൂടെ എറണാകുളം സൗത്തിലെ കാൻഡിലിവർ പാലമാണ് മറ്റൊരു ആകർഷണം. ആലുവ മുതൽ തൈക്കൂടം വരെ യാത്രക്കാർക്കൊപ്പം വിനോദസഞ്ചാരികളെയും ലഭിക്കുമെന്നാണ് ടൂറിസം മേഖലയിലുള്ളവരുടെ പ്രതീക്ഷ.
# മഴ ബാധിച്ചിട്ടില്ല
നിർമ്മാണജോലികളെ മഴ ബാധിച്ചിട്ടില്ല. പ്രധാന ജോലികളെല്ലാം പൂർത്തിയായി. മിനുക്കുപണികൾ തുടരുകയാണ്.
# സ്റ്റേഷനുകൾ
എറണാകുളം സൗത്ത്
കടവന്ത്ര
എളംകുളം
വൈറ്റില
തൈക്കൂടം
ആലുവ - തൈക്കൂടം : 1 മണിക്കൂർ
മഹാരാജാസ് -തൈക്കൂടം : 5.50 കിലോമീറ്റർ