camp
പ്രിയദർശിനി കോളനിക്കാർ ക്യാമ്പിൽ

കാലടി: കാലടി ഗ്രാമ പഞ്ചായത്തിലെ മാണിക്യമംഗലം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ ശിശു വനിതാകമ്മീഷൻ, ബ്ലോക്ക് തല ഉദ്യോഗസ്ഥർ സന്ദർശിച്ചു. അഞ്ചാം വാർഡിലെ പത്തോളം കുടുംബങ്ങളാണ് വീട്ടിലേക്ക് തിരികെപോകാനാവാതെ ക്യാമ്പിൽ കഴിയുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കാണ് ഒരു വർഷം തികയും മുൻപ് വീണ്ടും ഈ ദുർഗതി. പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ താമസിക്കുന്ന പ്രിയദർശിനി കോളനിയിലാണ് ആദ്യമായി വെള്ളം കയറുന്നത്. വെള്ളം ഇറങ്ങിയതിനു ശേഷവും വീട്ടിലേക്ക് തിരികെപ്പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നതും ഈ നിർദ്ധനരായ കോളനിവാസികളാണ്. തങ്ങൾക്ക് വീടുകളിലേക്ക് പോകുന്നതിനുള്ള വഴി പോലുമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ക്യാമ്പിലുള്ളവർ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു. ശിശു സംരക്ഷണ സമിതി കൗൺസിലർ പി. ആശ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് പ്രസന്നകുമാരി, വാർഡ് മെമ്പർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.