കോതമംഗലം: തങ്കളം കോഴിപ്പിളളി ബൈപാസ് റോഡ് നിർമാണം ആരംഭിച്ച് 9 വർഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. റിംഗ് റോഡ് ബൈപാസിനാണ് ദുർഗതി.
കോതമംഗലം നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായാണ് ബൈപാസ് നിർമാണം തുടങ്ങിയത്. സ്ഥലമേറ്റെടുപ്പിൽ ഒരു സർവ്വെ നമ്പരിൽ വന്ന പിശകാണ് പദ്ധതി തുടക്കത്തിലേ അവതാളത്തിലാക്കിയതെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. പിശക് തിരുത്തേണ്ട റവന്യൂ വകുപ്പ് ആദ്യം ഉഴപ്പി. പിന്നീട് പ്രശ്നം പരിഹരിച്ച് സ്ഥലം ഏറ്റെടുത്തെങ്കിലും മറ്റൊരു കേസ് കോടതിയിൽ നിലനില്ക്കുന്നതു കൊണ്ട് എന്ന് പണി തീരുമെന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ല.
2010 ജനുവരി ഒന്നിന് കരാറുണ്ടാക്കി നിർമാണം തുടങ്ങിയപ്പോൾ 391 ലക്ഷമായിരുന്നു എസ്റ്റിമേറ്റ് തുക. 62 ലക്ഷം വിവിധ ആവശ്യങ്ങൾക്കായി നൽകി കഴിഞ്ഞു.
ആകെ ഏറ്റെടുക്കേണ്ടത് 4.22.63 ഏക്കർ ഇനി ഏറ്റടുക്കേണ്ട ഒരേക്കറോളം ഭൂമിയിൽ ഭൂരിഭാഗവും എക്‌സൈസ് വകുപ്പിന്റേയും നഗരസഭയുടേയും ഉടമസ്ഥയിലുള്ളതാണ്. ഇരു വകുപ്പുകളും ഇതുവരെ സമ്മതപത്രം നൽകിയിട്ടുമില്ല. സ്ഥലം വിട്ടു നൽകേണ്ട ഒരാളുടെ കേസും തടസമാണ്.
പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് ഹൈറേഞ്ചിലേക്കും തിരിച്ചും കോതമംഗലം പട്ടണത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ സുഗമമായി യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിലാണ് റോഡ് വിഭാവനം ചെയ്തത്. മിനിസിവിൽ സ്റ്റേഷനിൽ ഗതാഗത കുരുക്ക് ഒഴിവാക്കാനും ഈ റോഡിനാകും. 2010 ൽ നിർമ്മാണവുമായി ബന്ധപ്പെട്ട് കുരൂർതോട് മറികടക്കാനുള്ള പാലവും തീർത്തിരുന്നു. പാലത്തിന്റെ ഇരുവശത്തേക്കും 200 ഓളം മീറ്റർ ടാറും ചെയ്തു.
ഇപ്പോൾ ടാറ് ചെയ്ത സ്ഥലമെല്ലാം കാട്കയറി.നഗരത്തിലെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് തുടരുമ്പോഴും കോതമംഗലത്തെ ജനങ്ങളുടെ വർഷങ്ങളുടെ കാത്തിരിപ്പ് ഇനിയും എത്ര നാൾ നീണ്ടുപോകുമെന്ന് പറയുവാൻ
അധികൃതർക്കോ ജനപ്രതിനിധികൾക്കോ കഴിയുന്നില്ല. ജനപ്രതിനിധികളുടെ ഇടപെടൽ കൊണ്ട് തീർക്കാവുന്ന സങ്കേതിക പ്രശ്‌നങ്ങളേ ബൈപാസ് നിർമ്മാണത്തിനുള്ളൂ.
പണി തുടങ്ങിയത് 2010 ജനുവരിയിൽ
എസ്റ്റിമേറ്റ് തുക 391 ലക്ഷം
ബിൽ പാസാക്കിയത് 62 ലക്ഷം
ഏറ്റെടുക്കേണ്ട ഭൂമി 4.22.63 ഏക്കർ
ഇനി ഏറ്റെടുക്കാനുള്ളത് ഒരേക്കറോളം