കൊച്ചി : മഴ മാറി ആശങ്കയൊഴിഞ്ഞ എറണാകുളം ജില്ലയിൽ ഇന്ന് വീണ്ടും ശക്തമോ അതിശക്തമോ ആയ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. 115 മുതൽ 204.5 മില്ലീമീറ്റർ വരെ മഴ പെയ്യാനാണ് സാദ്ധ്യത. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും നാളെ യെല്ലോ അലർട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി.
അതിശക്തമായ മഴ പെയ്യുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും കരുതിയിരിക്കണമെന്ന നിർദ്ദേശമാണ് ഓറഞ്ച് അലർട്ട്. ശക്തമായ മഴയുണ്ടാകുമെങ്കിലും നിരീക്ഷണത്തിലാണെന്നാണ് യെല്ലോ അലർട്ടിന്റെ നിർദ്ദേശം. 15, 16 തിയതികളിൽ നേരിയ മഴ പെയ്യുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ പുഴയോരങ്ങളിലും താഴ്ന്ന മേഖലകളിലും കയറിയ വെള്ളം കുറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർ മടങ്ങിത്തുടങ്ങി. ഇന്നലെ ഉച്ച വരെ വിവിധ താലൂക്കുകളിലെ 80 ക്യാമ്പുകളിലായി 16,445 ദുരിതബാധിതരുണ്ട്.
വെള്ളം കയറി തടസപ്പെട്ട റോഡ് ഗതാഗതം ആലുവ, പറവൂർ, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിൽ പുന:സ്ഥാപിക്കുന്ന ജോലികൾ തുടരുകയാണ്. തകർന്ന റോഡുകളുടെ പണികൾ പൂർത്തിയാക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു.
# എല്ലാവരും സഹായിക്കണം
ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പൂർവസ്ഥിതിയിലേക്ക് നാടിനെ മടക്കിക്കൊണ്ടുവരാനും എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
എസ്. സുഹാസ്
ജില്ലാ കളക്ടർ
# ദുരിതാശ്വാസ ക്യാമ്പുകൾ
രാവിലെ ആറിന്
ആകെ : 104
കുടുംബങ്ങൾ : 5,068
അന്തേവാസികൾ : 17,203
ഉച്ചയ്ക്ക് 1 ന്
ആകെ : 69
കുടുംബങ്ങൾ : 3,582
അന്തേവാസികൾ : 11,759
# ഇന്നലെ നിറുത്തിയ ക്യാമ്പുകൾ
എണ്ണം : 98
കുടുംബങ്ങൾ : 2,020
മടങ്ങിയവർ : 7,463
അണക്കെട്ടുകളിലെ ജലനിരപ്പ്
# ഭൂതത്താൻകെട്ട്
സംഭരണശേഷി : 34.95 മീറ്റർ
ജലനിരപ്പ്, രാവിലെ 6 ന് : 27.05 മീറ്റർ
വൈകിട്ട് 5 ന് : 26.95 മീറ്റർ
# ഇടമലയാർ
സംഭരണശേഷി : 169 മീറ്റർ
ജലനിരപ്പ് : 147.63 മീറ്റർ
വൈകിട്ട് 5 ന് : 147.90 മീറ്റർ
# ഇടുക്കി
സംഭരണശേഷി : 2404 അടി
രാവിലെ ജലനിരപ്പ് : 2340 അടി
ശതമാനം : 37.52
വൈകിട്ട് 5 ന് : 2341.86 അടി
ശതമാനം : 39.01