ആലുവ: പ്രളയജലം ഇറങ്ങിയെങ്കിലും വീടുകളിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ഇടവിട്ട് പെയ്യുന്ന മഴ തടസമായി. സന്നദ്ധ സംഘടനകൾക്ക് പുറമെ പലരും ഇതരസംസ്ഥാന തൊഴിലാളികളെയെല്ലാം ജോലിക്ക് നിർത്തിയാണ് ചെളി നീക്കുന്നത്. എന്നാൽ മഴ മൂലം ചെളി നീക്കലിന് വേണ്ടത്ര വേഗത ലഭിക്കുന്നില്ല.
ഇന്നും നാളെയും മഴ കനക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ചെളി നീക്കാൻ ജോലിക്കാരെ നിർത്തണമോയെന്ന സംശയത്തിലാണ് പ്രളയബാധിതർ. ആദ്യം വീടിനകത്തെ ചെളി മുറ്റത്തേക്കും മുറ്റത്ത് നിന്നും താമസിക്കുന്ന പറമ്പിലെ ഏതെങ്കിലും മൂലയിലോ താഴ്ന്ന പ്രദേശങ്ങളിലോ ആണ് തള്ളുന്നത്. വീട്ടിൽ നിന്നും പുറത്തേക്ക് ഇറക്കിയ ചെളി മഴ പെയ്യുമ്പോൾ അവിടെ തന്നെ ഒഴുകുകയാണ്. പ്രളയം ഏറെ ബാധിച്ച ആലുവ നഗരത്തിലെ തോട്ടക്കാട്ടുകര ഷാഡി ലൈൻ, കടുങ്ങല്ലൂർ പഞ്ചായത്തിലെ കയന്റിക്കര, ഏലൂക്കര, ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര, കീഴ്മാട് പഞ്ചായത്തിലെ ചാലക്കൽ, എടയപ്പുറം, ചൂർണിക്കര പഞ്ചായത്തിലെ മനക്കപ്പടി, ലയോള, കുന്നത്തേരി, എടത്തല പഞ്ചായത്തിലെ നൊച്ചിമ, മാരിയിൽത്താഴം മേഖകളിലാണ് കൂടുതൽ വീടുകളിൽ വെള്ളം കയറിയത്.
ഭൂരിഭാഗം പേരും ക്യാമ്പുകളിൽ പേര് രജിസ്റ്റർ ചെയ്ത ശേഷം ബന്ധുവീടുകളിലാണ് ഇക്കുറി അഭയം പ്രാപിച്ചത്. അതിനാൽ ക്യാമ്പുകൾ ഭൂരിഭാഗവും പിരിച്ചുവിട്ടെങ്കിലും പ്രളയബാധിതർ ആരും തിരികെ സ്വന്തം വീടുകളിലേക്ക് എത്തിയിട്ടില്ല. ചെളി നീക്കി സാധനസാമഗ്രികളെല്ലാം അടക്കി തിരികെ എത്തണമെങ്കിൽ ഒരാഴ്ച്ച കൂടി സമയമെടുക്കും. ചെളി നീക്കുന്നതിന് മാത്രം ആയിരക്കണക്കിന് രൂപയാണ് ചെലവാകുന്നത്. ജില്ലയിൽ കാര്യമായ പ്രളയാനന്തര സഹായങ്ങളൊന്നും ലഭിച്ചിട്ടില്ല. വീട് ശുചീകരണത്തിന് ആവശ്യമായവയെല്ലാം പണം നൽകി പുറമെ നിന്നും വാങ്ങേണ്ട അവസ്ഥയിലാണ്.