tree
ഭീതി പടർത്തി മഴമരങ്ങൾ

പള്ളുരുത്തി: മഴ ശക്തമായതോടെ പള്ളുരുത്തി, ഫോർട്ടുകൊച്ചി തുടങ്ങിയ ഭാഗങ്ങളിലെ വൻ മഴ മരങ്ങൾ ഭീതി പടർത്തുന്നു.പല ഭാഗത്തും മരത്തിന്റെ ചില്ലകൾ ഉണങ്ങി നിൽക്കുകയാണ്. പള്ളുരുത്തി വെളി, മരുന്നുകട ബസ് സ്റ്റോപ്പുകളിലാണ് മഴമരങ്ങൾ കൂടുതൽ. ചില്ലകൾ പലതും അടുത്ത മഴയത്ത് നിലംപതിക്കുന്ന സ്ഥിതിയാണ്..വെളി ബസ് സ്റ്റോപ്പിലേയും പഞ്ചായത്ത് രാജ് റോഡ് തുടങ്ങുന്ന സ്ഥലങ്ങളിലെയും വൻ മരങ്ങൾ എത് നിമിഷവും നിലംപതിക്കും.ഈ ഭാഗത്തെ കച്ചവടക്കാർ നഗരസഭക്ക് പരാതി നൽകിയെങ്കിലുംപരിഹാരമില്ല. ഫോർട്ട് കൊച്ചി വെളിമുതൽ സൗത്ത് ബീച്ച് വരെ മഴ മരങ്ങളിൽ പലതും ഉണങ്ങി നിൽക്കുകയാണ്.. ഈ ഭാഗത്ത് പാർക്ക് ചെയ്ത വാഹനങ്ങളുടെ മേൽ മരച്ചില്ലകൾ വീണ് അപകടം സംഭവിച്ചു. മഴക്കാലത്ത് മരത്തിൽ കയറാൻ കഴിയാത്തതുമൂലമാണ് ഉണങ്ങിയ മരച്ചില്ലകൾ നീക്കം ചെയ്യാൻ കഴിയാത്തതെന്നാണ് നഗരസഭാ അധികാരികൾ പറയുന്നത്.കൊച്ചി നേവൽ ബേസിന് സമീപമുള്ള അപകടകരമായ മരച്ചില്ലകൾ അധികാരികൾ നീക്കം ചെയ്തു.ഈ ഭാഗത്തെ തകരാറിലായ മുഴുവൻ മരങ്ങളും അധികൃതർ മുറിച്ച് നീക്കി.

പരിക്കേറ്റയാൾ കിടപ്പിൽ

വർഷങ്ങൾക്കു മുൻപ് ഉണങ്ങിയ ശിഖിരം വീണ് പരിക്കേറ്റ പള്ളുരുത്തി സ്വദേശി മിഥുൻ ഇപ്പോഴും കിടപ്പിലാണ്. ബൈക്കിൽ സുഹൃത്തിനൊപ്പം ജോലിക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. സർക്കാരിന്റെ കാര്യമായ സഹായം യുവാവിന് ലഭിച്ചില്ല. ഇപ്പോൾ പൊലീസ് സംഘടന ഇടപെട്ട് ഒരു കടകൊടുക്കാൻ ശ്രമിക്കുന്നുണ്ട് . ഫോർട്ടുകൊച്ചിയിൽ മരത്തിന്റെ ചില്ല വീണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു