പ്രളയ ദുരിതാശ്വാസ കളക്ഷൻ സെന്ററുകൾ സജീവം

കൊച്ചി : കഴിഞ്ഞ പ്രളയത്തിൽ തൈത്താങ്ങായ മലബാറിന് വേണ്ടി കൈ കോർക്കുകയാണ് എറണാകുളം. ആദ്യമൊന്ന് മടിച്ചെങ്കിലും പ്രളയബാധിതരെ സഹായിക്കാൻ ജില്ലയിലെ കളക്ഷൻ സെന്ററുകൾ സജീവമായി. എറണാകുളത്ത് കളക്ടറേറ്റ്,​ രാജീവ് ഗാന്ധി ഇൻ‌ഡോർ സ്റ്റേഡിയം,​ എറണാകുളം പ്രസ്‌ ക്ളബ്,​ കുസാറ്റ്,​ കോളേജുകൾ എന്നിവ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്തുക്കൾ ശേഖരിക്കുന്ന തിരക്കിലാണ്.

കളക്ടറുടെ നേതൃത്വത്തിൽ കാക്കനാട്ടെ കളക്ടറേറ്റിലെ കളക്ഷൻ സെന്ററിൽ ഇരുനൂറോളം വോളണ്ടിയർമാരുണ്ട്. സർക്കാർ കണക്കെടുത്ത് ആവശ്യപ്പെട്ട വസ്തുക്കൾ എത്തുതിന്റെ സന്തോഷം അധികൃതർ മറച്ചുവയ്ക്കുന്നില്ല. വയനാട്, മലപ്പുറം തുടങ്ങി ദുരിതം ഏറ്റവും ബാധിച്ച സ്ഥലങ്ങളിലേക്ക് ആളുകൾ ശേഖരിച്ച വസ്തുക്കളെത്തിക്കുന്നുണ്ട്. കളക്ടറേറ്റിൽ നിന്ന് ഇന്നലെ രണ്ട് മിനി ട്രക്ക് നിറയെ വസ്തുക്കൾ വയനാട്ടിലേക്ക് കൊണ്ടുപോയി.

2015ൽ ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ സഹായഹസ്തം നീട്ടിയവരാണ് അൻപൊടു കൊച്ചി ടീം. 2018 ൽ കുട്ടനാട്ടിൽ വെള്ളം കയറിത്തുടങ്ങിയപ്പോഴാണ് അൻപൊടു കൊച്ചി കളക്ഷൻ സെന്റർ ആരംഭിച്ചത്. രണ്ടാംദിവസം അവശ്യവസ്തുക്കൾ ശേഖരിച്ച് ആകാശമാർഗം എത്തിച്ചു. ഇത്തവണ നൂറോളം പേർ അൻപൊടു കൊച്ചി ടീമിൽ പ്രവർത്തിക്കുന്നു.

വയനാട്,​ കോഴിക്കോട്,​ മലപ്പുറം,​ കണ്ണൂർ,​ കോട്ടയം, എറണാകുളം ജില്ലകളിൽ പത്ത് ട്രക്ക് സാധനങ്ങൾ നൽകി. ജില്ലാ ഭരണകൂടവുമായി ചേർന്നാണ് പ്രവർത്തനം. റീജിയണൽ സ്പോർട്സ് സെന്ററിന് പുറമെ ലുലുമാൾ,​ സെന്റർമാൾ,​ ബിസ്മി എന്നിവിടങ്ങളിലും കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു. ലുലു വെബ് സ്റ്റോർ വഴി വാങ്ങുന്ന സാധനങ്ങൾ ഓരോ ദിവസവും ലുലു ജീവനക്കാർ റീജിണൽ സ്പോർട്സ് സെന്ററിലെത്തിക്കും. ​അവശ്യവസ്തുക്കളാണ് ഇപ്പോൾ ശേഖരിക്കുന്നത്. രണ്ടു ദിവസത്തിനകം എറണാകുളത്ത് ആവശ്യമായ ക്ളീനിംഗ് കിറ്റുകൾ ശേഖരിക്കും.

ഇന്നലെ മുതൽ പ്രസ്‌ ക്ലബ്ബ് കേന്ദ്രീകരിച്ചും കളക്ഷൻ സെന്റർ പ്രവർത്തനം തുടങ്ങി. കുസാറ്റിലെ കളക്ഷൻ സെന്ററുകളിലേക്ക് സന്നദ്ധപ്രവർത്തകർ പുറത്തിറങ്ങി ആളുകളിൽ നിന്ന് നേരിട്ടും സാധനങ്ങൾ ശേഖരിക്കുന്നുണ്ട്.

എറണാകുളം ടോക് എച്ചിന് സമീപം റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഈസ്റ്റ് ഹാളിലും കളക്ഷൻ സെന്റർ തുറന്നു. സൈൻ, പെപ്പർ ട്രസ്റ്റ്, പബ്ലിക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യ, അസോസിയേഷൻ ഒഫ് രജിസ്റ്റേർഡ് സോഷ്യൽ ക്ലബ്ബ്‌സ് ഒഫ് കേരള, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഈസ്റ്റ്, കേരള അഡ്വർടൈസിംഗ് ഇന്റസ്ട്രീസ് അസോസിയേഷൻ, ടോക് എച്ച് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് കളക്ഷൻ സെന്റർ തുറന്നത്.

ശേഖരിക്കുന്ന വസ്തുക്കൾ

ധാന്യങ്ങളുൾപ്പെടെ അവശ്യവസ്തുക്കൾ

അടിവസ്ത്രങ്ങൾ

നൈറ്റി

പായ

സാനിറ്ററി നാപ്കിൻ

ആനിമൽ ഫുഡ്