# ഇന്നലെ ചത്തത് രണ്ട് പശുക്കളും ഒരു കിടാരിയും നാല് ആടുകളും
മൂവാറ്റുപുഴ: മഹാ പ്രളയം മൂവാറ്റുപുഴയിൽ മൃഗസംരക്ഷണ മേഖലയിലും കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. കുറച്ച് ദിവസങ്ങൾ മാത്രമേ വെള്ളം പ്രദേശത്ത് കയറിയതെങ്കിലും വെള്ളമിറങ്ങിയതോടെ പ്രദേശത്തെ മൃഗങ്ങൾ ചത്തൊടുങ്ങുവാൻ തുടങ്ങി. ഇന്നലെ മാത്രം രണ്ട് പശുക്കളും ഒരു കിടാരിയും നാല് ആടുകളും ചത്തു. മൂവാറ്റുപുഴ ഉറവക്കുഴി പുത്തൻപുരയിൽ ഐഷ ഇബ്രാഹിം ഈസ്റ്റ് മാറാടി പാലിയോട്ടിൽ ബാബു എന്നിവരുടെ പശുക്കളും മൂവാറ്റുപുഴ പൂവൻവീട്ടിൽ സെബി തോമസിന്റെ ആറ് മാസം പ്രായമുള്ള കിടാരിയുംപെരുമറ്റം സ്വദേശി ഉബൈസിന്റെ നാല് ആടുകളുമാണ് ചത്തത്.
വെള്ളപ്പൊക്കവും കനത്ത മഴയും മൃഗങ്ങൾക്ക് കനത്ത ദുരിതം വിയക്കുകയാണ്. വെള്ളം കയറാൻ തുടങ്ങിയതോടെ പലരും സ്വയം രക്ഷപ്പെടുവാനുള്ള തീവ്രശ്രമങ്ങൾക്കിടയിൽ മൃഗങ്ങളെ ഉയർന്ന പ്രദേശത്തേക്ക് മാറ്റിയെങ്കിലും മഴയും കാറ്റുമേറ്റ് ഭൂരിഭാഗം മൃഗങ്ങൾക്കും പനിയടക്കമുള്ള രോഗലക്ഷണങ്ങൾ കാണാൻ തുടങ്ങിയിരുന്നു. കാലവർഷം ആരംഭിച്ചതോടെ മൃങ്ങൾക്ക് ഭക്ഷണം അടക്കം നൽകുന്നതിലുണ്ടായ വ്യതിയാനങ്ങളും മൃഗങ്ങളെ രോഗികളാക്കി മാറ്റി. കൃത്യമായ പരിചരണവും ചികത്സയും യഥാസമയം വളർത്തുമൃഗങ്ങൾക്ക് ലഭ്യമായില്ലെങ്കിൽ ക്ഷീരകർഷകർക്ക് കനത്ത ദുരിതമായി ഇതി മാറും. വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ട ക്ഷീരകർഷകർക്ക് സർക്കാർ അടിയന്തര സഹായമെത്തിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.