ആലുവ: പ്രളയബാധിതർക്കായി ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കൈത്താങ്ങ്. ആലുവ സെൻട്രൽ ജുമാ മസ്ജിദിൽ ബലിപെരുന്നാൾ നമസ്‌കാരത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായങ്ങൾ നൽകിയത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ബലിപെരുന്നാൾ ദിനത്തിൽ പ്രാർത്ഥന ഒഴിച്ചുള്ള ആഘോഷങ്ങൾ ഒഴിവാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരണം നടത്താൻ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സെൻട്രൽ ജുമാ മസ്ജിദിൽ ഫണ്ട് സമാഹരണം സംഘടിപ്പിച്ചത്. ഇവിടെ ഈദ് ദിനങ്ങളിൽ നടത്താറുള്ള മധുരപലഹാര വിതരണവും ഒഴിവാക്കിയിരുന്നു. അറബിക്, മലയാളം ഭാഷകൾക്കു പുറമേ ഹിന്ദി, ഉർദ്ദു ഭാഷകളിലും ഈദ് ദിനത്തിൽ പ്രഭാഷണം നടക്കുന്നതിനാൽ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന പശ്ചിമബംഗാൾ, ആസാം, ബീഹാർ, ഒറീസ, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ സെൻട്രൽ ജുമാ മസ്ജിദിൽ എത്തിച്ചേരാറുണ്ട്.
ബഹുഭാഷ പണ്ഡിത വിദ്യാർത്ഥി കെ.എം. മുഹമ്മദ് ഷാഫി, സെൻട്രൽ മസ്ജിദ് ഇമാം കെ എം ബഷീർ ഫൈസി, അബ്ബാസ് അൻവരി, അലിമുദ്ദീൻ ഖാസിമി, ടി. എസ്. മൂസഹാജി, കെ.കെ. അബ്ദുല്ല, സി.യു. സൈനുദ്ദീൻ, കെ.കെ. അബ്ദുൾ സലാം,സാനിഫ് അലി എന്നിവർ നേതൃത്വം നൽകി.