ആലുവ: ദേശീയപാതയിൽ പാർക്ക് ചെയ്ത കാറിൽ ഇടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനും കാർ ഉടമയും ഒരേ പേരുകാരനായത് പൊലീസിനെ ദിവസങ്ങളോളം കൺഫ്യൂഷനിലാക്കി. കഴിഞ്ഞ നാലിന് രാത്രി ഒമ്പത് മണിയോടെ തോട്ടക്കാട്ടുകരയിലാണ് സംഭവം.
എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ രാത്രി എട്ടരയോടെ കാർ ദേശീയപാതയോരത്ത് പാർക്ക് ചെയ്തിരുന്നു. അര മണിക്കൂറിന് ശേഷം തിരികെയെത്തുമ്പോൾ കാറിന്റെ ചുറ്റും ആളുകൾ. കാര്യം തിരക്കിയപ്പോൾ മദ്യപിച്ചെത്തിയ ബൈക്ക് യാത്രികൻ കാറിലിടിച്ച് വീണെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നും പറഞ്ഞു. കാറിന് കേടുപാടുകൾ സംഭവിച്ചതിനാൽ ആലുവ പൊലീസിൽ രേഖാമൂലം സ്വാമിനാഥൻ പരാതി നൽകി മടങ്ങി. അടുത്ത ദിവസം എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ നിന്നും ലഭിച്ച പൊലീസിന് ലഭിച്ച ഇന്റിമേഷനിൽ സ്വാമിനാഥന് പരിക്കുപറ്റിയെന്നായിരുന്നു. ആശുപത്രിയിൽ നിന്നും വിവരം ലഭിക്കുമ്പോൾ ഉണ്ടായത് മറ്റൊരു ജി.ഡി ചാർജുമാനായതും ആശയകുഴപ്പത്തിന് വഴിയൊരുക്കി. ഇതിനിടയിൽ പരിക്കുപറ്റിയയാൾ ആശുപത്രി മാറിയതിനാൽ പൊലീസിന് മൊഴിയെടുക്കാനായില്ല. ഇതോടെ പൊലീസിന്റെ 'സ്വാമിനാഥൻ' കൺഫ്യൂഷൻ തുടർന്നുകൊണ്ടിരുന്നു. ഇന്റിമേഷൻ റിപ്പോർട്ടോ എഫ്.ഐ.ആറിന്റെ പകർപ്പോ ലഭിക്കാത്തതിനാൽ കാർ ഉടമ സ്വാമിനാഥന് വാഹനത്തിന്റെ ഇൻഷ്വറൻസ് ക്ളെയിം ചെയ്യാനായില്ല. ഒരാഴ്ച്ചക്ക് ശേഷം ഇന്നലെ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പൊലീസിന്റെ കൺഫ്യൂഷൻ പൂർണമായി ഒഴിവാക്കിയത്. അപകടമുണ്ടാക്കിയ സ്വാമിനാഥൻ ആലുവ കിഴക്കേ ദേശം സ്വാമി സദനത്തിലാണ് താമസിക്കുന്നത്. കാർ ഉടമ സ്വാമിനാഥൻ അത്താണി സ്വദേശിയുമാണ്.