അങ്കമാലി: വീടുകളിൽ കയറിയിരുന്ന വെള്ളം മഴയ്ക്ക് അൽപ്പം ശമനം വന്നതോടെ ഇറങ്ങിത്തുടങ്ങിയതിന്റെ
ആശ്വാസത്തിലാണ് അങ്കമാലി നിവാസികൾ.ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർ ഇന്നലെ വെയിൽ എത്തിയതോടെ വീടുകളിൽ പോയി ശുചീകരണത്തിൽ ഏർപ്പെട്ടു. മലിനമായിക്കിടക്കുന്ന കിണറുകൾ എങ്ങനെ ശുചീകരിക്കുമെന്ന ആശങ്കയിലാണ് ഇവിടത്തുകാർ. വെള്ളം ഇറങ്ങിയെങ്കിലും ആരും ക്യാമ്പുകൾ വിട്ടിട്ടില്ല. ഇന്നും മഴ
തുടരുമെന്ന മുന്നറിയിപ്പുള്ളതിനാൽ ക്യാമ്പുകൾ അടച്ചിട്ടില്ല.
ചമ്പന്നൂർ ഉൾപ്പെടെ ചില ഭാഗങ്ങളിലും വീടുകളിൽ വെള്ളം ഇറങ്ങിയെങ്കിലും റോഡിലെ വെള്ളക്കെട്ട് മൂലം വീടുകളിൽ പ്രവേശിക്കാൻ പറ്റാത്ത സാഹചര്യമുണ്ട്. കക്കാട് റോഡ് വെള്ളത്തിൽ മുങ്ങിയിരിക്കുന്നതിനാൽ എട്ട്
വീടുകൾ ഒറ്റപ്പെട്ട നിലയിലാണെന്ന് കൗൺസിൽ സാജി ജോസഫ് പറഞ്ഞു. വെള്ളമിറങ്ങിയതോടെ പല റോഡുകളിലും പുല്ലും പായലും നിറഞ്ഞിരിക്കുകയാണ്. എടത്തോട് പാടം, ചാക്കോള കോളനി, കയറ്റംകുഴി, ചമ്പന്നൂർ തുടങ്ങിയ ഭാഗങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. മാഞ്ഞാലി തോട്ടിലൂടെയുള്ള നീരൊഴുക്ക് കൂടിയതും വെള്ളം വേഗത്തിലിറങ്ങാൻ സഹായിച്ചു. ചമ്പന്നൂർ സെന്റ് ആന്റണീസ് സ്‌കൂൾ, അങ്കമാലി സെന്റ് മേരീസ് കത്തീഡ്രൽ, സെന്റ് ജോസഫ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.