കൊച്ചി: കഴിഞ്ഞ പ്രളയത്തിൽ നിന്ന് അതിജീവനത്തിന്റെ പാതയിലേക്ക് കയറിയ ചേന്ദമംഗലം കൈത്തറികൾ ഇനി വയനാട്ടിലെ പ്രളയബാധിതർക്ക് താങ്ങാകും. കഴിഞ്ഞ പ്രളയത്തിൽ തങ്ങൾക്ക് കൈത്താങ്ങായി നിന്ന ഗോപാൽജി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാനായി സാധന സാമഗ്രികളുമായി പുറപ്പെടുന്ന ട്രക്കിലേക്ക് കൈത്തറി തുണിത്തരങ്ങൾ നൽകി ചേന്ദമംഗലം 3428 കൈത്തറി സംഘമാണ് മാതൃകയായത്. കഴിഞ്ഞവർഷം പ്രളയബാധിതരെ സഹായിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഗോപാൽജി ഫൗണ്ടേഷൻ തകർന്നടിഞ്ഞ ചേന്ദമംഗലം കൈത്തറിയെ സഹായിക്കാൻ എത്തുകയായിരുന്നു. വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായി ഗോപാൽജി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ സംഘടിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ ഫൗണ്ടേഷനെ സംഘം പ്രസിഡന്റ് ബേബി സമീപിക്കുകയായിരുന്നു. ഫൗണ്ടേഷൻ അംഗങ്ങൾ സംഘത്തിലെത്തി തുണിത്തരങ്ങൾ ഏറ്റുവാങ്ങി.