കൊച്ചി: പ്രളയജല ഭീഷണിക്ക് ശേഷം നേരിടേണ്ടിവരുന്ന ഭീഷണി പകർച്ചവ്യാധികളുടേതാണ്. ഇതിലാദ്യം എലിപ്പനിയും. ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന ജാഗ്രതാനിർദ്ദേശം നൽകുകയാണ് ജില്ലയിലെ ആരോഗ്യവിഭാഗം. എലിപ്പനി മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയുള്ളതിനാൽ മലിന ജലവുമായി സമ്പർക്കം വന്നവർ പ്രത്യേകം ശ്രദ്ധിക്കണം. പ്രതിരോധിക്കാനായി ഡോക്ടറുടെ നിർദേശപ്രകാരം ഗുളിക കഴിക്കണം. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഈ ഗുളിക സൗജന്യമായി ലഭിക്കും.
ഭീഷണി ഉയർത്തുന്ന രോഗങ്ങൾ
എലിപ്പനി
വയറിളക്കരോഗങ്ങൾ
മഞ്ഞപ്പിത്തം
ടൈഫോയ്ഡ്
ഡെങ്കി പനി
മലമ്പനി
എലിപ്പനി ലക്ഷണങ്ങൾ
കടുത്ത പനിയോടൊപ്പം തലവേദന
പേശിവേദന
കണ്ണിൽ ചുവപ്പ്
കടും മഞ്ഞ നിറത്തിലുള്ള മൂത്രം
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജലം ക്‌ളോറിനേറ്റ് ചെയ്ത ശുദ്ധീകരിച്ചശേഷം മാത്രം ഉപയോഗിക്കുക.
അഞ്ച് മിനിറ്റ് തിളപ്പിച്ച ശേഷം ആറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.
തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി ഉപയോഗിക്കരുത്.
വീടും പരിസരവും വൃത്തിയാക്കുമ്പോൾ കൈയ്യുറയും (ഗ്ലൗസ് ) കാലുറയും ധരിക്കുക.
കൈകാലുകളിൽ മുറിവുള്ളവർ അതുണങ്ങുന്നത് വരെ ഇത്തരം ജോലികൾ ചെയ്യാതിരിക്കുക.
കിണർ സൂക്ഷിക്കാൻ
പ്രളയജലത്തിൽ മുങ്ങാത്ത കിണറുകളും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം സൂപ്പർക്‌ളോറിനേഷൻ നടത്തിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ. കൈകൾ കഴുകുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും ക്‌ളോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. പ്രളയ ജലത്തിൽ മുങ്ങിപ്പോയ കിണറുകൾ ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ മാർക്ക് ചെയ്യുന്നതും, ശാസ്ത്രീയമായി ശുദ്ധീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഇനി നൽകുന്നതുമാണ്. ഈ നിർദേശങ്ങൾ പ്രകാരം ശുദ്ധീകരിച്ച ശേഷം മാത്രമേ ഈ കിണറുകളിലെ വെള്ളം ഉപയോഗിക്കാവൂ.