അങ്കമാലി: മാലിന്യപ്രശ്നം രൂക്ഷമായതിനെത്തുടർന്ന് അങ്കമാലി നഗരസഭ മാർക്കറ്റ് അധികാരികൾ താത്കാലികമായി അടച്ചുപൂട്ടി. കച്ചവടക്കാർ മത്സ്യം, മാംസം, പച്ചക്കറി എന്നിവയുടെ അവശിഷ്ടങ്ങൾ ഓടയിൽ തള്ളുകയാണെന്നാണ് പരാതി. ഇവ ചീഞ്ഞളിഞ്ഞ് വെള്ളത്തിലൂടെ വിവിധ റോഡുകളിലും വീടുകളിലും എത്തിയതിനെത്തുടർന്ന് പ്രദേശവാസികൾ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി. സംഭവം അന്വേഷിക്കാനെത്തിയ സെക്രട്ടറിയേയും ജീവനക്കാരെയും മാലിന്യത്തിന്റെ ദുരിതം പേറുന്ന പ്രദേശവാസികൾ തടഞ്ഞുവെക്കുകയും ചെയ്തു. തുടർന്ന് മാർക്കറ്റിലെ വ്യാപാരികളും വ്യാപാരി സംഘടന നേതാക്കളുമായി മുനിസിപ്പൽ അധികാരികൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്ത് മാർക്കറ്റും പരിസര പ്രദേശങ്ങളും വൃത്തിയാക്കിയതിന് ശേഷമേ തുറക്കാവൂ എന്നും അതുവരെ മാർക്കറ്റ് താത്കാലികമായ അടച്ച് പൂട്ടുവാനും നഗരസഭ സെക്രട്ടറി ഉത്തരവിടുകയായിരുന്നു. ഇത്തരമൊരു സ്ഥിതി ഇനി ഉണ്ടാകരുതെന്നും അധികൃതർ വ്യാപാരികൾക്ക് മുന്നറിയിപ്പും നൽകി.