കൊച്ചി : രാവിലെ മഴ കനത്തിനെ തുടർന്ന് ഉച്ചയോടെ എറണാകുളം ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശമായ ചുവപ്പ് അലർട്ട് അധികൃതർ പ്രഖ്യാപിച്ചെങ്കിലും അപായങ്ങളില്ല. കാര്യമായ മഴ പെയ്യാത്തതിനാൽ പെരിയാർ, മൂവാറ്റുപുഴയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് വർദ്ധിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു.
തീവ്രമഴ പ്രതീക്ഷിച്ച് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ഇന്നലെ രാവിലെ പലയിടത്തും ശക്തമായ മഴ പെയ്തുതുടങ്ങി. ഉച്ചയ്ക്ക് ഒന്നിന് ജില്ലയിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ചുവപ്പ് അലർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്കുശേഷം മടിച്ചുനിന്ന മഴ സന്ധ്യയോടെ ശക്തമായി. ജില്ലയുടെ മിക്ക ഭാഗങ്ങളിലും രാത്രിയും മഴ തുടർന്നു.
വിദ്യാലയങ്ങൾക്ക് അവധി
ഇന്നും നാളെയും ജില്ലയിൽ സാധാരണ നിലയായിരിക്കുമെന്നങ്കിലും ശക്തമായ മഴയ്ക്ക് സാദ്ധ്യത വിലയിരുത്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്‌ടർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ സ്ഥാപനങ്ങൾ, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗൻവാടികൾ എന്നിവയ്ക്ക് അവധി ബാധകമാണ്.
ക്യാമ്പുകൾ ഒഴിയുന്നു
ജില്ലയിൽ ഇന്നലെ 59 ദുരിതാശ്വാസ ക്യാമ്പുകളിൽ 3344 കുടുംബങ്ങളിലെ 11,016 പേരാണ് കഴിയുന്നത്. 4417 പുരുഷന്മാരും 4845 സ്ത്രീകളും 1742 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. പറവൂരിൽ 30 ഉം ആലുവയിൽ 18 ഉം കണയന്നൂർ താലൂക്കിൽ 6 ഉം മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ രണ്ടും കുന്നത്തുനാട് താലൂക്കിൽ ഒന്നും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കൊച്ചി താലൂക്കിലെ ക്യാമ്പുകൾ അടച്ചു.
128 ക്യാമ്പുകൾ അടച്ചതോടെ 3348 കുടുംബങ്ങളിലെ 11,962 പേർ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങി. ഇതിൽ 4,691 പുരുഷൻമാരും 3348 സ്ത്രീകളും 22063 കുട്ടികളുമാണ് ഉണ്ടായിരുന്നത്. പറവൂരാണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ അടച്ചത്. 40 എണ്ണം. ആലുവയിൽ 33 ഉം മൂവാറ്റുപുഴയിൽ 24 ഉം കുന്നത്തുനാട് താലൂക്കിൽ 11 ഉം കോതമംഗലത്ത് 11ഉം കണയന്നൂരിൽ 5 ഉം, കൊച്ചിയിൽ നാലും ക്യാമ്പുകൾ അടച്ചു.
ഇന്ന് : മഞ്ഞ അലർട്ട്
15, 16, 17 : പച്ച അലർട്ട്
ജലനിരപ്പ്
ഭൂതത്താൻകെട്ട്
സംഭരണശേഷി : 34.95 മീറ്റർ
രാവിലെ 5 ന് : 26.90 മീറ്റർ
രാവിലെ 7 ന് : 26.95 മീറ്റർ
വൈകിട്ട് 7 ന് : 2690മീറ്റർ
ഇടമലയാർ
സംഭരണശേഷി : 169 മീറ്റർ
രാവിലെ 7ന് : 148.40 മീറ്റർ
വൈകിട്ട് 7 ന് : 148.7 മീറ്റർ
പെരിയാർ ജലനിരപ്പ്
രാവിലെ 8 ന്
കാലടി : 3.12 മീറ്റർ
വൈകിട്ട് 7 ന് : 2.225 മീറ്റർ
ആലുവ
രാവിലെ 7 ന് 0.875 മീറ്റർ
വൈകിട്ട് 7ന് : 0.675 മീറ്റർ
മംഗലപ്പുഴ :
രാവിലെ 7 ന് 1.13 മീറ്റർ
വൈകിട്ട് 7 ന് : 0.88 മീറ്റർ