flood
സൗത്തിലെ വെള്ളക്കെട്ട്

കൊച്ചി: . ഒറ്റ മഴയിൽ ഇന്നലെയും നഗരം വെള്ളത്തിലായി. നോർത്ത് പരമാര റോഡ്, ടൗൺഹാളിന് പിറകിലെ ഹൗസിംഗ് കോളനി, എം.ജി റോഡിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് . പേരണ്ടൂർ കനാലിൽ വെള്ളം ഉയർന്നതിനെ തുടർന്ന് പി ആൻഡ് ടി, ഉദയ, കരിത്തേല, കമ്മട്ടിപ്പാടം കോളനികൾ മുങ്ങി. ഈ ഭാഗത്തെ താമസക്കാരെ ക്യാമ്പുകളിലേക്ക് നേരത്തെ മാറ്റിയത് ആശ്വാസമായി.
എറണാകുളം കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻഡ് പരിസരത്തെ വെള്ളക്കെട്ടും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. എം.ജി റോഡിലും പെയ്ത്തുവെള്ളം കെട്ടിക്കിടന്നെങ്കിലും മഴയ്ക്ക് ശമനമായതോടെ വെള്ളക്കെട്ട് ഒഴിവായി.

ഇടറോഡുകളുംമുങ്ങി

നഗരത്തിലെ ഗതാഗതകുരുക്കിൽ നിന്ന് രക്ഷ നേടുന്നതിനായി ഇടറോഡുകളെ ആശ്രയിച്ചവർ ഇന്നലെ അക്ഷരാർത്ഥത്തിൽ വെള്ളത്തിലായി.മാമംഗലം -പൊറ്റക്കുഴി റോഡിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കെട്ടി. ചങ്ങാടംപോക്ക് തോടിന് കുറുകെയുള്ള കലുങ്ക് ഉയർത്തി റോഡ് ഉയർത്താത്തതാണ് പ്രശ്നം. റോഡിൽ വെള്ളം കെട്ടിക്കിടന്നതോടെ ഈ ഭാഗത്താകെ വലിയ ഗതാഗതക്കുരുക്കായിരുന്നു.കലൂർ-കതൃക്കടവ് റോഡിന് സമാന്തരമായി ഉപയോഗിക്കുന്ന ആസാദ് റോഡും വെള്ളത്തിലായി. ഷേണായി റോഡിലും മാറ്റമുണ്ടായില്ല.

എം.ജി. റോഡിൽ നിന്നുള്ള ദ്വരൈസ്വാമി റോഡിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.

റോഡുകളിൽ നിന്ന് ഓടകളിലേക്ക് വെള്ളം ഒഴുകിപ്പോകാനിട്ടിരുന്ന ദ്വാരങ്ങൾ അടഞ്ഞുപോയതാണ് പ്രധാന റോഡുകളിൽ വെള്ളക്കെട്ടിന് കാരണമായതെങ്കിൽ, ഇടറോഡുകളിലെ കാര്യം ഇതല്ല. ഓടകളിൽ നിന്ന് വെള്ളം കൃത്യമായി ഒഴുകിപ്പോകാത്തതാണ് ഇവിടെ പ്രശ്‌നങ്ങൾക്ക് കാരണം.

കളക്ടറും കോർപ്പറേഷനും

നഗരത്തിലെ ഓടകളിലെയും കനാലുകളിലെയും തടസങ്ങളും കൈയേറ്റങ്ങളും ദുരന്തനിവാരണ നിയമപ്രകാരം അടിയന്തരമായി നീക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മഴ കഴിഞ്ഞിട്ട് ഇനിയുള്ള പ്രവൃത്തികൾ ആലോചിക്കാമെന്നാണ് കോർപ്പറേഷന്റെ നിലപാട്.

കോർപ്പറേഷൻ പറയുന്നത്:

ചങ്ങാടംപോക്ക് തോടിൽ വെള്ളം ഒഴുകിപ്പോകുന്നതിലുണ്ടായ തടസ്സമാണ് നഗരത്തിൽ വെള്ളക്കെട്ടിന് കാരണം. കലൂർ കെ.എസ്.ഇ.ബി. സബ് സ്റ്റേഷനിലടക്കം വെള്ളം പൊങ്ങാനുള്ള കാരണവും ഇതുതന്നെ

. മെട്രോ നിർമാണവുമായി ബന്ധപ്പെട്ടാണ് തോട്ടിൽ തടസംവന്നത്.

പി.ഡബ്ല്യു.ഡി., കെ.എം.ആർ.എൽ. തുടങ്ങി വിവിധ വിഭാഗങ്ങളുമായി ചർച്ച

ചെയ്താൽ മാത്രമേ വെള്ളക്കെട്ടിന് പരിഹാരം കാണാൻകഴിയൂ

അടുത്ത മഴക്കാലത്ത് വെള്ളക്കെട്ട് പ്രശ്‌നങ്ങൾ ഒഴിവാക്കാൻ മുൻ കരുതൽ സ്വീകരിക്കും

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ഓടകൾ വൃത്തിയാക്കിയിരുന്നു. ഓരോ ഡിവിഷനുകളിലും മൂന്ന് ലക്ഷം രൂപ ചെലവാക്കി.എന്നിട്ടും വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിഞ്ഞില്ല.

പി.എം.ഹാരിസ് ,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ