പെരുമ്പാവൂർ: രായമംഗലം കൂട്ടുമഠം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി മഹോത്സവം നാളെ നടക്കും. രാവിലെ 8.35ന് ചടങ്ങുകൾക്ക് തുടക്കമാകും. മേൽശാന്തി പുളിയ്ക്കാമഠം ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മി​കത്വം വഹിക്കും. നെൽക്കതിർ കറ്റകൾ ശിരസിലേറ്റി ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം ചെയ്ത് വിശേഷാൽ പൂജകൾക്ക് ശേഷം അരിമാവണിഞ്ഞു കറ്റകൾ പൂജിച്ച് ഇല്ലംനിറ നടത്തും. ദശപുഷ്പങ്ങൾ സഹിതം പൂജിച്ച നെൽക്കതിരുകൾ മേൽശാന്തിയിൽ നിന്നു വാങ്ങി ഭക്തർ സ്വന്തം വീടുകളി​ൽ നിറയ്ക്കുന്നതാണ് ചടങ്ങ്. പുത്തരിപ്പായസം ഭഗവാനു നേദിച്ചു ഭക്തർക്കു പ്രസാദമായി നൽകും. ശ്രീജയൻ നമ്പൂതിരി സഹകാർമ്മികത്വം വഹിക്കും.