കൊച്ചി: വടക്കൻ കേരളത്തിന് ആശ്വാസമേകാൻ ജില്ലയിലെ ദുരിതാശ്വാസ വസ്തുക്കളുടെ ശേഖരണം തകൃതിയായി തുടരുന്നു. 'എറണാകുളത്തിന്റെ സ്‌നേഹ'വുമായി ദുരിതാശ്വാസവസ്തുക്കളുടെ ആദ്യ ലോഡ് വയനാട്ടിൽ എത്തി. എറണാകുളം കളക്ടറേറ്റിൽ നിന്നും പുറപ്പെട്ട ആദ്യത്തെ രണ്ട് ലോഡുകൾ പഞ്ചായത്ത് വകുപ്പ് അസി. ഡയറക്ടർ ടിംപിൾ മാഗി സ്വീകരിച്ചു. keralarescue.in എന്ന വെബ് സൈറ്റിൽ വയനാട് ജില്ല ആവശ്യപ്പെട്ട സാധനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് ലോഡ് തയ്യാറാക്കിയത്. അരിയും മറ്റു ധാന്യങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയിട്ടുമുണ്ട്.
കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയിൽ (കുഫോസ്) കളക്ഷൻ കൗണ്ടറുകൾ തുറന്നു. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ അരി, ബിസ്‌കറ്റ്, ബേബി ഫുഡ്, സാനിട്ടറി നാപ്കിൻ, ഡയപ്പർ, കുപ്പിവെള്ളം, ബെഡ് ഷീറ്റ്, നൈറ്റി, ലുങ്കി തുടങ്ങിയ ആവശ്യവസ്തുക്കളാണ് പൊതുജനങ്ങളിൽ നിന്ന് സംഭരിക്കുന്നത്. പണവും ഉപയോഗിച്ച വസ്തുക്കളും സ്വീകരിക്കുന്നതല്ല. പനങ്ങാട് മെയിൻ കാമ്പസ്സിലും മാടവന ജംഗ്ഷനിലുള്ള അമിനിറ്റി സെന്ററിലും പുതുവെപ്പിനിലുള്ള ഫിഷറീസ് സ്റ്റേഷനുകളിലുമാണ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്.
കൈകോർത്ത് ആസ്റ്റർ മെഡ്‌സിറ്റിയും
എറണാകുളം പ്രസ് ക്ലബിന്റെ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി (നാടിനായി നന്മയാകാം) വഴി പ്രളയമേഖലകളിൽ വിതരണം ചെയ്യുന്നതിന് ഒരു ലക്ഷം രൂപയിലധികം വിലമതിക്കുന്ന വസ്ത്രങ്ങൾ ആസ്റ്റർ മെഡ്സിറ്റി ആശുപത്രി അധികൃതർ കൈമാറി. ആസ്റ്റർ മെഡ്‌സിറ്റി ബ്രാൻഡിംഗ് വിഭാഗം മേധാവി ചഞ്ചൽ ഗംഗാധരൻ, ആസ്റ്റർ സീനിയർ എക്‌സിക്യുട്ടീവുമാരായ പ്രവീൺ നാരായൺ, ഫെമി നിർമൽ, അസിസ്റ്റന്റ് മാനേജർ ശരത്കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.