കൊച്ചി: ഉരുൾപ്പൊട്ടലിലും പെരുമഴയിലും പെട്ട് ദുരിതം അനുഭവിക്കുന്ന വയനാട്, മലബാർ പ്രദേശങ്ങളിലെ ജനങ്ങൾക്ക് റെയിൽവേ വഴി സഹായം എത്തിക്കാം. ക്യാമ്പുകളിലേക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളും സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ളാറ്റ്ഫോമിലെ കളക്ഷൻ കേന്ദ്രത്തിൽ സ്വീകരിക്കും. ട്രെയിനുകളുടെ വരവും പോക്കും സംബന്ധിച്ച അനൗൺസ്‌മെന്റിന് ഒപ്പം ഈ കളക്‌ഷൻ കേന്ദ്രത്തിന്റെ കാര്യവും റെയിൽവേ അധികൃതർ കൃത്യമായി അറിയിക്കുന്നതിനാൽ ധാരാളം പേർ സേവന സന്നദ്ധരായി മുന്നോട്ടുവരുന്നുണ്ട്. ധാരാളം യാത്രക്കാർ അവശ്യവസ്തുക്കൾ സംഭാവന ചെയ്തു. പണം നൽകാൻ തയ്യാറായവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് വിവരങ്ങൾ നൽകി. ആദ്യദിവസങ്ങളിലെ സാധനസാഗ്രികൾ അധികവും റെയിൽവേ ജീവനക്കാരുടെ സംഭാവനയാണ്. ജീവനക്കാരുടെ വാട്ട്സ് അപ്പ് കൂട്ടായ്മ വഴി പണം സമാഹരിച്ച് അതു കൊണ്ട് സാധനങ്ങൾ വാങ്ങുകയായിരുന്നു. ഇന്നലെ വരെ ശേഖരിച്ച സാധനങ്ങൾ നിലമ്പൂർ സ്റ്റേഷനിലെത്തിക്കുമെന്ന് ഏരിയ മാനേജർ നിതിൻ റോബർട്ട് പറഞ്ഞു. വരുംദിവസങ്ങളിലും കളക്‌ഷൻ പോയിന്റ് പ്രവർത്തനം തുടരും.