കൊച്ചി : "മറ്റുള്ളവർക്ക് നന്മ ചെയ്താലേ ജീവിതത്തിൽ ശാന്തിയും സന്തോഷവും കിട്ടൂ. മനസാകുന്ന കണ്ണാടിയിലൂടെ ലോകത്തെ കാണണം. സ്നേഹവും വിശ്വാസവും വിനയവും നിറഞ്ഞ മനസോടെ ലോകത്തെ നോക്കിക്കണ്ടാൽ സകലതിലും നന്മ ദർശിക്കാൻ സാധിക്കും. അഡ്വാൻസ് തുക മാത്രം നൽകി എന്റെ ഒരു ബന്ധു നൽകിയ വീട്ടിലാണ് ഞാനും കുടുംബവും ' എനിക്കിതിലൊന്നും വല്ല്യ പ്രത്യേകയൊന്നും തോന്നുന്നില്ല. ആറാം ക്ളാസാണെന്റെ വിദ്യാഭ്യാസം. ഒൻപത് വർഷത്തോളം സൗദിയിലെ പഴം - പച്ചക്കറിക്കടയിൽ ജോലിചെയ്തു. ഈശ്വരനെ മുൻനിറുത്തിയാണ് എന്റെ പ്രവൃത്തികൾ. പതിനെട്ട് വർഷമായി ഇവിടത്തെ തെരുവോരത്തെ വെറുമൊരു കച്ചവടക്കാരൻ മാത്രമാണ് ഞാൻ. ' പ്രളയത്തിൽ മുങ്ങിയ നാടിന് കെെത്താങ്ങായി ചാക്കുകളിൽ വസ്ത്രം നിറച്ച് നൽകിയ വൈപ്പിൻ മാലിപ്പുറം പനച്ചിക്കൽ നൗഷാദിന്റെ സ്നേഹം നിറഞ്ഞ നിഷ്കളങ്ക വാക്കുകൾ.
വഴിയോരകച്ചവടത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ബ്രോഡ് വേയിൽ നൽകിയ സ്നേഹാദരം ഏറ്റുവാങ്ങി നൗഷാദ് ഇതു പറഞ്ഞപ്പോൾ കൂടി നിന്ന ജനങ്ങളുടേയും കണ്ണ് നിറഞ്ഞു. .
സ്വന്തമായി കച്ചവടം തുടങ്ങിയിട്ട് അഞ്ച് വർഷമേ ആയൊള്ളു.. സഹായവാഗ്ദാനങ്ങളുമായി വരുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾക്കരികിൽ ദയാവായ്പ് അർഹിക്കുന്ന കരങ്ങൾക്ക് അത് കൊടുക്കണമെന്നാണ് '' വീണ്ടും നൗഷാദിന്റെ വാക്കുകൾ സദസിനെ ആവേശത്തിലാക്കി.
സി.ഐ.ടി.യു ജില്ലാപ്രസിഡന്റ് കെ.എൻ.ഗോപിനാഥ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വഴിയോരകച്ചവടത്തൊഴിലാളി യൂണിയൻ ജില്ലാപ്രസിഡന്റ് ആർ.കണ്ണൻകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി പി.എൻ. സിനുലാൽ, ലോക്കൽ സെക്രട്ടറി പ്രഭാകരനായ്ക്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി അബ്ദുൾ വഹാബ്, ഉസ്മാൻ എന്നിവർ പ്രസംഗിച്ചു. സംഘാടകർ തോളിലേറ്റിയാണ് നൗഷാദിനെ വേദിയിലേക്ക് കൊണ്ടുവന്നത്.. ജനപങ്കാളിത്തം കൊണ്ടും സ്വീകരണം ശ്രദ്ധേയമായി.