കൊച്ചി : മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് മരണമടഞ്ഞ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ജാമ്യം നൽകിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പാതിരാത്രിയിലുണ്ടായ അപകടത്തെത്തുടർന്ന് സാക്ഷികളെ ചോദ്യം ചെയ്തു കഴിഞ്ഞെന്നും അന്വേഷണത്തിനും വിചാരണയ്ക്കും പ്രതിയുടെ സാന്നിദ്ധ്യം ഉറപ്പാക്കാൻ തടസമില്ലെന്നും വിലയിരുത്തിയ സിംഗിൾ ബെഞ്ച് ജാമ്യം റദ്ദാക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. ജാമ്യം നൽകിയതിൽ അപാകതയില്ല.
ആഗസ്റ്റ് മൂന്നിന് രാത്രി 12.55 നുണ്ടായ അപകടത്തെത്തുടർന്ന് രാവിലെ 7.26 നാണ് കേസെടുത്തത്. കേസെടുക്കാൻ വൈകിയത് ദുരൂഹമാണ്. ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തത് ആഗസ്റ്റ് നാലിന് വൈകിട്ട് 5.45 നാണ്. രക്തപരിശോധനയിൽ മദ്യത്തിന്റെ അംശമില്ലെന്ന് കണ്ടതിനെത്തുടർന്ന് മജിസ്ട്രേട്ട് കോടതി ജാമ്യം നൽകി. രക്തപരിശോധനയും ബ്രത്ത് അനലൈസർ പരിശോധനയും നടത്തുന്നതിൽ വീഴ്ച വരുത്തിയിട്ട് മദ്യപിച്ചു വാഹനമോടിച്ച കുറ്റത്തിന് ദൃക്സാക്ഷി മൊഴികളെ ആശ്രയിക്കാൻ പൊലീസിന് കഴിയില്ല.
ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ നീതിയുടെ താത്പര്യം കൂടി നോക്കണം. പ്രതി ക്ളീൻ സർവീസ് റെക്കാഡുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനാണ് . വിശദമായ വസ്തുതകളിലേക്ക് കടക്കാതെയാണ് വിധി പറയുന്നതെന്നും അന്വേഷണത്തെ ഈ നിരീക്ഷണങ്ങൾ ബാധിക്കരുതെന്നും വിധിയിൽ പറഞ്ഞു.
സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കേസിൽ മജിസ്ട്രേട്ട് ജാമ്യം നൽകിയത് അധികാര പരിധി ലംഘിച്ചുള്ള നടപടിയാണെന്ന് സർക്കാർ വാദിച്ചപ്പോൾ പ്രതിഭാഗം എതിർത്തു. മോട്ടോർ വാഹന നിയമപ്രകാരം രക്തപരിശോധനയിൽ 100 മില്ലി ലിറ്റർ രക്തത്തിൽ 30 മില്ലി ഗ്രാമിൽ കൂടുതൽ മദ്യമുണ്ടെന്ന് കണ്ടാലേ മദ്യപിച്ചു വാഹനമോടിച്ചതിന് കേസെടുക്കാനാവൂ എന്നും പ്രതിക്ക് മദ്യത്തിന്റെ മണമുണ്ടെന്ന കാരണത്താൽ കുറ്റം ചുമത്താനാവില്ലെന്നും പ്രതിഭാഗം വാദിച്ചു.
ഹെെക്കോടതി
നിരീക്ഷണങ്ങൾ
കേസെടുത്തതു മുതൽ ക്രമം കെട്ട അന്വേഷണമാണ് നടന്നത്. രക്തപരിശോധന വൈകിയതിനെക്കുറിച്ച് ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്. സത്യം തെളിയിക്കാൻ പ്രതിയിൽ നിന്ന് തെളിവുകൾ ലഭിക്കുമെന്ന് പൊലീസ് കരുതരുത്. അപകടം നടന്ന റോഡിലും പൊലീസ് കാമറയില്ലെന്ന് വ്യക്തം. ശാസ്ത്രീയമായി തെളിവു ശേഖരിക്കാൻ പൊലീസിന് പ്രത്യേക പദ്ധതിയുണ്ടാകണം. കേസെടുത്തതിലും അന്വേഷണത്തിലും ഉദ്യോഗസ്ഥരെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ല. ഇത്തരം വീഴ്ച ആവർത്തിക്കാതിരിക്കാൻ മികച്ച നടപടിക്രമം അനിവാര്യം.