tagore-road
ആലുവ തോട്ടക്കാട്ടുകര ടോഗോർ ഗാർഡൻസ് റോഡിൽ വെള്ളം നിറഞ്ഞു കിടക്കുന്നു

# അശാസ്ത്രീയ കാനനിർമ്മാണം

# നഗരസഭയ്ക്കെതിരെ നാട്ടുകാർ

ആലുവ: ആലുവ നഗരത്തിലെ റോഡുകളിൽ വെള്ളം കയറിയതിന് യഥാർത്ഥകാരണമെന്താണ്. പ്രളയത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും നഗരസഭയുടെ അശാസ്ത്രീയ കാന നിർമ്മാണമാണ് ഇതിനിടയാക്കിയതെന്നുമുള്ള പരാതിയുമായി രംഗത്തെത്തിയത് നാട്ടുകാരും കച്ചവടക്കാരുമാണ്. നഗരസഭാ പരിധിയിലെ തോട്ടക്കാട്ടുകര ഷാഡി ലൈൻ, ടാഗോർ ഗാർഡൻസ് റോഡ്, ഫ്രണ്ട്സ് ലൈൻ എന്നിവിടങ്ങളിലുള്ളവരാണ് പ്രധാനമായും നഗരസഭയ്ക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത്.

ബൈപ്പാസിലെയും ഗ്രാൻഡ് കവലയിലെയും കച്ചവടക്കാരും നഗരസഭയ്ക്കെതിരാണ്. ഇവിടെയെല്ലാം ഒറ്റമഴയിൽ തന്നെ വെള്ളക്കെട്ട് രൂക്ഷമാകുകയും കച്ചവട സ്ഥാപനങ്ങളിൽ വെള്ളം കയറുകയും ചെയ്തിരുന്നു. മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി മതിയായ സൗകര്യത്തോടെ കാന നിർമ്മിക്കാൻ നഗരസഭ തയ്യാറാകാതിരുന്നതിനാലാണ് ഇക്കുറി നിരവധി കുടുംബങ്ങൾ വെള്ളത്തിലായതെന്നാണ് നാട്ടുകാരുടെ പരാതി. ഇരുവഴികളിലുമുള്ളഅമ്പതോളം കുടുംബങ്ങൾ ഇതേത്തുടർന്ന് ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്. ഇതുവരെ ആരും തിരിച്ചെത്തിയിട്ടില്ല. വീടിന്റെ മുകളിലെ നിലയിലേക്ക് മാറിയവർ ഇപ്പോഴും ഒറ്റപ്പെട്ട് കഴിയുകയാണ്. വീടിന് പുറത്ത് പോകാൻ പോലും പറ്റാത്ത ദയനീയ സ്ഥിതിയാണ്.

' ഞങ്ങളുടെ സ്ഥിതി വളരെ സങ്കടകരമാണ്. കഴിഞ്ഞ പ്രളയം കഴിഞ്ഞപ്പോൾ എല്ലാം ശരിയാക്കിത്തരാമെന്ന് എം.എൽ.എ പറഞ്ഞിരുന്നതാണ്. പക്ഷെ ഫലമുണ്ടായില്ല. ഞാൻ മാത്രമേ ഇവിടെയുള്ളൂ, ബാക്കി കുടുംബങ്ങൾ മാറി. മൂന്നു ദിവസമായിട്ട് പുറം ലോകവുമായി ബന്ധമില്ലാതായിട്ട്' ഇപ്പോഴും വെള്ളം നിറഞ്ഞുകിടക്കുന്ന വഴിക്കരികിലെ വീട്ടിൽ കഴിയുന്ന ഒരു വീട്ടമ്മയുടെ രോദനമാണിത്. ഈ അനാസ്ഥയ്ക്കെതിരെ സംസ്ഥാന സർക്കാരിനോടും ആലുവ നഗരസഭയോടുമുള്ള ഞങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണെന്നും അവർ പറയുന്നു. അധികാരികൾ മാറിത്താമസിക്കാൻ പറയുന്നുണ്ടല്ലോ, കഴിഞ്ഞവർഷം മാറി താമസിച്ചിട്ടു വന്നപ്പോൾ 11 ലക്ഷം രൂപയുടെ അറ്റകുറ്റ പണികളായി. ലഭിച്ചത് 10,000 രൂപ മാത്രം. മറ്റൊരു ധനാശ്വാസവും കിട്ടിയില്ല. ഇത്തവണയും മാറ്റമുണ്ടാകാൻ സാദ്ധ്യതയില്ല. 'സർക്കാർ കാര്യം മുറപോലെ' എന്ന അവസ്ഥയാണ് പ്രളയബാധിതരോടെന്നും ഇക്കാര്യത്തിൽ സർക്കാർ സംവിധാനം ഉണർന്ന് പ്രവർത്തിക്കണമെന്നും പ്രളയബാധിതർ ആവശ്യപ്പെടുന്നു.