school-file
മൂവാറ്റുപുഴ ഗവ. ടൗൺ യു.പി.സ്കൂൾ ശുചീകരിക്കുന്നു

മൂവാറ്റുപുഴ: പ്രളയത്തെ തുടർന്ന് വെള്ളം കയറിയ മൂവാറ്റുപുഴ ഗവ. ടൗൺ യു.പി.സ്‌കൂൾ ശുചീകരണത്തിനായി എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിക്കൊപ്പം ജനകീയ കൂട്ടായ്മയും കൈകോർത്തപ്പോൾ ടൗൺ യു.പി സ്‌കൂൾ ക്ലീനായി. മലിനജലം ഇരച്ച കയറിയതിനെത്തുടർന്ന് ക്ലാസ് മുറികളിലും പാചകപ്പുരയിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് സ്‌കൂൾ വൃത്തിയാക്കാൻ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന സ്‌കൂൾ അധികൃതർക്ക് മുന്നിൽ സഹായ ഹസ്തവുമായി യുവജന സംഘടന രംഗത്തെത്തുകയായിരുന്നു.

മൂവാറ്റുപുഴയിലെ പ്രധാന ദുരിതാശ്വാസ ക്യാമ്പുകളിലൊന്നായ ടൗൺ യു പി സ്‌കൂൾ വെള്ളം കയറാൻ തുടങ്ങിയതോടെ ക്യാമ്പിലുള്ളവരെയെല്ലാം വാഴപ്പിള്ളി ജെ. ബി സ്‌കൂളിലേയ്ക്ക് മാറ്റുകയായിരുന്നു. സ്‌കൂളിൽ പ്രവർത്തിക്കുന്ന ബി.ആർ.സി മന്ദിരത്തിലും വെള്ളം കയറിയിരുന്നു.

രാവിലെ തന്നെ യുവജനങ്ങൾ സ്‌കൂൾ ശുചീകരിക്കാനെത്തി. പ്രവർത്തകർക്കൊപ്പം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുണും സഹായഹസ്തവുമായി എത്തിയതോടെ ശുചീകരണ പ്രവർത്തനങ്ങൾ ജനകീയ കൂട്ടായ്മയായി മാറി. മൂവാറ്റുപുഴ ഫയർഫോഴ്‌സും അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും സഹായവുമായി എത്തിയതോടെ സ്‌കൂൾ ശുചീകരണത്തിന് വേഗം വർദ്ധിച്ചു. ഇതോടൊപ്പം തന്നെ ബി.ആർ.സി മന്ദിരവും ശുചീകരിച്ചു.

സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം. ഹാരിസ്, എ.ഐ.വൈ.എഫ് നേതാക്കളായ ജോർജ് വെട്ടിക്കുഴി, കെ.ബി. നിസാർ, ജി. രാകേഷ്, സി.എൻ. ഷാനവാസ്, പി.എ. ഷിഹാബ്, ഗോവിന്ദ് ശശി, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ കെ.ബി ഷാജിമോൻ, ഷിബു.പി. ജോസഫ്, ടി.പി.ഷാജി, പി.എസ് പ്രണവ്, നന്ദു മനോജ്, ബി.പി.ഒ എൻ.ജി. രമാദേവി, ഹെഡ്മിസ്ട്രസ് റംലത്ത് ബീഗം, പി.ടി.എ പ്രസിഡന്റ് പി.എം. ഹസ്സൻ റാവുത്തർ, അദ്ധ്യാപകരായ ജോമി ജോർജ്, സൂസൺ കോരത്ത്, റാണി എസ്, സുബൈദ എം.എച്ച്, സുമ ജേക്കബ്, ജിഷ മെറിൻ ജോസ്, കെ.വി.ബിജു, കെ.എം.നൗഫൽ, പി.ടി.എ വൈസ് പ്രസിഡന്റ് സരിത ബിജു, മാദ്ധ്യമ പ്രവർത്തകൻ നെൽസൺ പനയ്ക്കൽ , റിസോഴ്‌സ് അദ്ധ്യാപകർ, ബി.ആർ.സി ട്രൈയിനർമാർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. എ.ഇ.ഒ ആർ. വിജയ സ്‌കൂളിലെത്തി ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി. പരിസ്ഥിതി പ്രവർത്തകൻ അസീസ് കുന്നപ്പിള്ളി, കേരള മെഡിക്കൽ ആൻഡ്സെയിൽസ് റപ്രസെന്റീവ് ജില്ലാ കമ്മിറ്റി അംഗം ഷെയ്ഖ് മുഹ്യദ്ദീൻ, എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് ആവശ്യമായ കൈയുറകളും വിവിധയിനം മാസ്‌കുകളും പ്രതിരോധ മരുന്നുകളും നൽകി

.