s-suhas
അൻവർ സാദത്ത് എം.എൽ.എയുടെ മക്കളായ സിമി ഫാത്തിമയും സഫ ഫാത്തിമയും പ്രളയബാധിതർക്കുള്ള വസ്ത്രങ്ങൾ ജില്ലാ കളക്ടർ എസ്. സുഹാസിന് കൈമാറുന്നു

ആലുവ: കഴിഞ്ഞവർഷത്തെ മഹാപ്രളയത്തിന്റെ ദുരിതം നേരിട്ടനുഭവിച്ച അൻവർ സാദത്ത് എം.എൽ.എയുടെ മക്കൾ 'പെരുന്നാൾ പടി'യായി ലഭിച്ച പണം ദുരിതാശ്വാസത്തിന് നൽകി മാതൃകയായി. കടുങ്ങല്ലൂർ രാജശ്രീ സ്കൂളിൽ പത്താം ക്ളാസ് വിദ്യാർത്ഥിനി സിമി ഫാത്തിമയും അഞ്ചാം ക്ളാസ് വിദ്യാർത്ഥിനി സഫ ഫാത്തിമയുമാണ് കാരുണ്യത്തിന്റെ വഴിയെ നടന്നത്.

കഴിഞ്ഞവർഷത്തെ മഹാപ്രളയത്തിൽ വീട് മുങ്ങിയതിനെ തുടർന്ന് എം.എൽ.എയും കുടുംബവും മൂന്ന് ദിവസത്തേക്ക് യു.സി കോളേജിലെ ക്യാമ്പിലായിരുന്നു. പ്രളയം ബാധിച്ചവരുടെയും ക്യാമ്പിൽ കഴിയുന്നവരുടെയും ദുരിതങ്ങളെല്ലാം ഇരുവരും നേരിട്ട് മനസിലാക്കിയിട്ടുണ്ട്. ഇക്കുറി വീട്ടിൽ വെള്ളം കയറിയില്ലെങ്കിലും ബലിപ്പെരുന്നാൾ ദിനത്തിൽ എം.എൽ.എക്കൊപ്പം നെടുമ്പാശേരി മേഖലകളിലെ ക്യാമ്പുകളിൽ സിമിയും സഫയും പോയിരുന്നു. ക്യാമ്പുകളിൽ കഴിയുന്നവരുടെ ദയനീയമുഖം കണ്ടപ്പോൾ സിമിയാണ് 'പെരുന്നാൾപടി' ദുരിതാശ്വാസത്തിന് നൽകണമെന്ന ആശയം പിതാവിനോട് പറഞ്ഞത്. കഴിഞ്ഞ രണ്ട് പെരുന്നാളുകളിൽ കിട്ടിയ പടിയാണിത്. ലാപ് ടോപ്പ് അല്ലെങ്കിൽ ഇലക്ട്രിക്കൽ ബൈക്ക് ഇവയിലൊന്ന് വാങ്ങലായിരുന്നു സിമിയുടെ ലക്ഷ്യം. കുട്ടികൾക്ക് വസ്ത്രം വാങ്ങി നൽകണമെന്ന താത്പര്യവും സിമി പിതാവുമായി പങ്കുവച്ചു. ഇതേത്തുടർന്ന് എം.എൽ.എയും മക്കളും ആലുവ അമ്പാടി ടെക്സ് റ്റൈൽസിൽനിന്ന് കുട്ടിയുടുപ്പുകൾ വാങ്ങി. 24,800 രൂപയാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. കുട്ടികളുടെ ഉദ്ദേശം മനസിലാക്കിയ തുണിക്കട ഉടമ പി.കെ. ശ്രീകുമാർ 37,000 രൂപയുടെ തുണിത്തരങ്ങൾ നൽകി. കുട്ടികളുടെ വലിയമനസിനുള്ള സമ്മാനമായി രണ്ട് കുടയും ശ്രീകുമാർ നൽകി. എന്നാൽ ഈ കുടയും പ്രളയബാധിതർക്കിരിക്കട്ടെയെന്ന് പറഞ്ഞ സിമിയും സഫയും ഇതും ജില്ലാ കളക്ടർ എസ്. സുഹാസിന് കൈമാറി.