കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതി എസ്.ഐ കെ.എ. സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 40,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. മൂന്നു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചകളിലും രാവിലെ ഒമ്പതു മുതൽ 11 വരെയുള്ള സമയത്ത് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. പിന്നീട് ആവശ്യപ്പെടുമ്പോൾ ഹാജരായാൽ മതി.

ഇടുക്കി ജില്ലയിൽ പ്രതി പ്രവേശിക്കരുതെന്നും തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ലെന്നും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.

ജാമ്യ ഹർജി തീർപ്പാക്കാനായി നടത്തിയ പരാമർശങ്ങൾ കേസിന്റെ വിശദാംശങ്ങളിലേക്ക് കടന്നുള്ളതല്ലെന്നും അന്വേഷണത്തെ ഇതു ബാധിക്കരുതെന്നും വിധിയിൽ വ്യക്തമാക്കി.

ജൂൺ 12 നാണ് രാജ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂൺ 16 ന് റിമാൻഡ് ചെയ്തു. ഇക്കാലയളവിൽ പ്രതിക്ക് മർദ്ദനമേറ്റതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ലെന്നാണ് സാബുവിന്റെ ജാമ്യ ഹർജിയിൽ പറഞ്ഞിട്ടുള്ളത്. പൊലീസ് പീഡിപ്പിച്ചില്ലെന്നാണ് രാജ് കുമാർ പറഞ്ഞതെന്ന് മജിസ്ട്രേട്ടു വ്യക്തമാക്കുന്നതായും ജാമ്യ ഹർജിയിൽ പറയുന്നു. ജയിലിലെയും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെയും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചോയെന്ന ചോദ്യത്തിന് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് അഡി. ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ മറുപടി നൽകി.