malsyakoodu-
കൊടുങ്ങല്ലൂർ കായലിലെ കൂടുമത്സ്യക്കൃഷി തെങ്ങുവീണ് തകർന്നപ്പോൾ

പറവൂർ : മൂത്തകുന്നം കേന്ദ്രമായി പ്രവർത്തിക്കുന്ന പെരിയാർ വുമൺസ് ആക്ടിവിറ്റി ഗ്രൂപ്പ് കൊടുങ്ങല്ലൂർ കായലിൽ നടത്തിയ കൂടു മത്സ്യക്കൃഷി കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ തെങ്ങ് വീണതിനെ തുടർന്ന് റോപ്പ് പൊട്ടി കായലിലേക്കൊഴുകിപ്പോയി. കായലിലെ ശക്തമായ ഒഴുക്കിനിടയിലും ഏതാനും യുവാക്കൾ നടത്തിയ ശ്രമഫലമായി മത്സ്യക്കൂട് കോട്ടപ്പുറം പാലത്തിന്റെ തൂണിൽ കെട്ടിനിർത്താനായി. വലപൊട്ടിയും കൂട്ടിലുണ്ടായിരുന്ന മത്സ്യം നഷ്ടപ്പെട്ടു. പത്ത് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ.

മൂത്തകുന്നത്തുള്ള വനിതാ കൂട്ടായ്മയാണ് ഫിഷറിസ് വകുപ്പിന്റെ ലൈസൻസോടെയും സി.എം.എഫ്.ആർ.ഐ അംഗീകാരത്തോടെയും പദ്ധതി നടപ്പിലാക്കിയത്. ജൂൺ 22ന് ആദ്യ വിളവെടുപ്പ് നടത്തിയിരുന്നു. രണ്ടാംഘട്ട വിളവെടുപ്പ് ഓണത്തോടനുബന്ധിച്ചു നടത്താനിരുന്നതാണ്. 1000 കിലോ കാളാഞ്ചി, 500 കിലോ കരിമീൻ, 5500 കരിമീൻ കുഞ്ഞുങ്ങൾ, നാലു വലിയ വലകൾ എന്നിവ നഷ്ടമായി.