പറവൂർ : വിദ്യാർത്ഥികളായ സഹോദരങ്ങൾ ഇത്തവണ വലിയപെരുനാൾ വലിയ ആഘോഷമാക്കിയില്ല. പെരുന്നാൾ പടിയായി (പെരുന്നാൾ കൈനീട്ടം) കിട്ടിയ തുക നാടിന്റെ നന്മയ്ക്കായി അവർ നൽകി. വടക്കേക്കര മാച്ചാംതുരുത്ത് പൂവാലുപറമ്പിൽ ഷെമീർകുട്ടിയുടെ മക്കളായ മുഹമ്മദ് സാദിഖും അനുജൻ മുഹമ്മദ് സിദ്ദിഖുമാണ് മാതൃകയായത്. രണ്ടു പേർക്കും പെരുന്നാൾ പടിയായി കിട്ടിയ ആയിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നൽകി. മുനമ്പം കവലയിൽ സൈക്കിൾ കട നടത്തുകയാണ് പിതാവ് ഷെമീർകുട്ടി.
വലപ്പാട്ട് ശ്രീരാമ പോളിടെക്നിക്കിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് സാദിഖ്, പുതിയകാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് സിദ്ദിഖ്. ഇന്നലെ വീട്ടുകാരോടു പോലും പറയാതെയാണ് സഹോദരങ്ങൾ പറവൂർ താലൂക്ക് ഓഫീസ് അന്വേഷിച്ച് പറവൂരിലെത്തിയത്. തങ്ങൾ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകാൻ എത്തിയതാണെന്ന് ജീവനക്കാരോട് പറഞ്ഞു. ഓഫീസിലുണ്ടായിരുന്ന എൽ.ആർ. വിഭാഗം തഹസിൽദാർ കെ.സി. ഷീലയാണ് സംഭാവന സ്വീകരിച്ചത്.