കൊച്ചി: ഓണവിപണി ലക്ഷ്യമിട്ട് ജില്ലയിലെ കർഷകർ താലോലിച്ച് വളർത്തിയിരുന്ന കൃഷി ഇത്തവണയും പെരുമഴ കൊണ്ടുപോയി. 2800 ഹെക്ടറിലെ കൃഷിയാണ് തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ഒലിച്ചുപോയത്. ജില്ലയിലെ 8221 കർഷകരുടെ പ്രതീക്ഷയുടെ മേലാണ് മഴ നിലയ്ക്കാതെ പെയ്തത്. വാഴ, റബർ, കുരുമുളക്, അടയ്ക്ക, പച്ചക്കറി, കപ്പ, തേങ്ങ, നെല്ല്, ഇഞ്ചി, മഞ്ഞൾ, പൈനാപ്പിൾ കൃഷികളാണ് നശിച്ചത്. ഇന്നലെ വരെയുള്ള 122 കോടിയിലേറെ നഷ്ടം കണക്കാക്കുന്നു. ജില്ലയിലെ കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ, കൂത്താട്ടുകുളം, പറവൂർ, അങ്കമാലി എന്നിവിടങ്ങളിലെ കൃഷിയാണ് പ്രധാനമായും നശിച്ചത്. ഓണക്കാലം കണക്കാക്കി കുലച്ചുവന്ന ഏത്തവാഴകളിൽ 90 ശതമാനവും കനത്തമഴയിൽ ഒടിഞ്ഞുവീണു. അതേസമയം, വേനൽച്ചൂട് കൂടിയതിനെ തുടർന്ന് മഴ കാത്ത് കൃഷിയിറക്കിയ പച്ചക്കറി കർഷകർക്ക് വിത്ത് മുളപൊട്ടി ചെടികൾ ഒരുമാസം പ്രായമാകും മുമ്പേ മഴയിൽ കുതിർന്ന് നശിച്ചു. നാലരലക്ഷത്തിലേറെ വിത്തുകൾ വിതരണം ചെയ്ത ഓണത്തിന് ഒരുമുറം പച്ചക്കറിയും 40 ശതമാനത്തോളം നശിച്ചുവെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, കഴിഞ്ഞ തവണ പ്രളയജലമെത്തിയാണ് കൃഷിയേറെയും നശിച്ചതെങ്കിൽ ഇത്തവണ പെയ്ത്തുവെള്ളം ഒഴുകിപ്പോകാതിരുന്നതാണ് ജില്ലയ്ക്ക് വിനയായതെന്നാണ് ഒരുകൂട്ടം കർഷകർ പറയുന്നത്. 14 ബ്ളോക്കുകളിലായി 153 ഹെക്ടറിലെ പച്ചക്കറിയാണ് ജില്ലയിൽ ഇല്ലാതായത്. നശിച്ച 755 ഹെക്ടർ വാഴകൃഷിയിൽ 615 ഹെക്ടറിൽ കുലച്ച ഏത്തവാഴകളായിരുന്നു.
നശിച്ച കൃഷി
വാഴ - 715 ഹെക്ടർ
നെല്ല് - 433 ഹെക്ടർ
പച്ചക്കറി - 153 ഹെക്ടർ
ഇഞ്ചി - 23 ഹെക്ടർ
മഞ്ഞൾ - 31ഹെക്ടർ
റബർ (ടാപ്പിംഗ്) -11,714 എണ്ണം
റബർ (ടാപ്പിംഗ് നടക്കാത്തത്) - 6515 എണ്ണം
കുരുമുളക് - 2441 എണ്ണം
അടയ്ക്ക (കായ്ച്ചത്) - 2119 എണ്ണം
അടയ്ക്ക (കായ്ക്കാത്തത്) - 982 എണ്ണം
ജാതിയ്ക്ക (കായ്ച്ചത്) - 6546 എണ്ണം
ജാതിയ്ക്ക (കായ്ക്കാത്തത്) - 2372 എണ്ണം
കോക്കോ - 535 എണ്ണം
കപ്പ - 422 എണ്ണം
തെങ്ങ് (കായ്ച്ചത് ) - 1337 എണ്ണം
തെങ്ങ് - 821 എണ്ണം
"കഴിഞ്ഞ ദിവസം വരെയുള്ള ഏകദേശ കണക്കാണിത്. മഴ മാറിയിട്ടേ കൃത്യമായ കണക്ക് കിട്ടുകയുള്ളൂ. ഈ കണക്ക് സർക്കാരിന് സമർപ്പിച്ചതിന് ശേഷമേ കർഷകർക്ക് നൽകാനുള്ള നഷ്ടപരിഹാരത്തെ പറ്റി തീരുമാനമാവുകയുള്ളൂ."
ദിലീപ് കുമാർ. ടി
അഗ്രികൾച്ചർ ഡെപ്യുട്ടി ഡയറക്ടർ
എറണാകുളം