ആലുവ: ഇത്തവണയും സാദിയയുടെ കുടുക്കയിലെ നാണയത്തുട്ടുകൾ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടർക്കാണ്. കാൻസർ രോഗാവസ്ഥയിലും തനിക്ക് പലപ്പോഴായി കിട്ടിയ നാണയത്തുട്ടുകൾ പ്രളയബാധിതർക്ക് സംഭാവന ചെയ്യുകയും അവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന പുക്കാട്ടുപടി ആലുങ്കൽ വീട്ടിൽ ഷെബീറിന്റെ മകൾ സാദിയ സ്വരൂപിച്ച പണം കഴിഞ്ഞ മഹാപ്രളയത്തിലും കളക്ടർക് കൈമാറിയിരുന്നു.
ഇത്തവണ ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന സൗഹൃദം ചാരിറ്റി വിംഗ് വഴി മലബാറിലേക്കാണ് സംഭാവന നൽകുന്നത്. സൗഹൃദം ചാരിറ്റി വിംഗിന്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സാദിയ ഫോൺ നമ്പറിൽ ഭാരവാഹികളെ ബന്ധപ്പെടുകയായിരുന്നു. പുക്കാട്ടുപടി സെന്റ് ജോസഫ് സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് സാദിയ. അടുത്ത ദിവസം മലബാറിലേക്ക് രണ്ട് ടോറസുകളിൽ അവശ്യസാധനങ്ങൾ അയക്കുന്നുണ്ട്. ഇതോടൊുപ്പം സാദിയയുടെ സഹായവും പ്രളയബാധിതർക്ക് കൈമാറുമെന്ന് സൗഹൃദം ചാരിറ്റി പ്രസിഡന്റ് ഷഹബാസ്, ട്രഷറർ ഷമീർ കരിപ്പാല എന്നിവർ അറിയിച്ചു. ഇവർക്കൊപ്പം അംഗങ്ങായ ജാഫർ പുല്ലാത്ത്, റഫീഖ്, ജിന്നാസ്, യഹ്കൂബ്, നിസാർ എന്നിവരും ചേർന്നാണ് സാദിയയിൽ നിന്നും സ്‌നേഹക്കുടുക്ക ഏറ്റുവാങ്ങിയത്.