ആലുവ: തോട്ടുമുഖം എടയപ്പുറം പാലത്തിന് സമീപത്തുകൂടി പോകുന്ന തുരുത്തിയിൽ ലൈൻ ആരംഭഭാഗത്ത് ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ് തോടരികിൽ കെട്ടിയിരുന്ന കരിങ്കൽകെട്ട് ശക്തമായ ഒഴുക്കിൽപ്പെട്ടു ഇടിഞ്ഞു. അൻപതോളം വീട്ടുകാർ ഉപയോഗിക്കുന്ന റോഡ് ഇപ്പോൾ അപകടാവസ്ഥയിലാണ്. റോഡ് മൊത്തമായി താഴേക്ക് നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഈ വഴിയിൽ താമസിക്കുന്നവർക്കുള്ള ഏക ഗതാഗതമാർഗമാണിത്. നിലവിലുള്ള കരിങ്കല്ലുകെട്ടുകൾ എല്ലാം വിള്ളലുള്ള അവസ്ഥയിലാണ്. പാലത്തിന്റെ നാല് കലുങ്കുകളും സുഗമമായി വെള്ളം ഒഴുകാൻ സൗകര്യം ഉണ്ടായിരുന്നുവെങ്കിൽ കരിങ്കൽക്കെട്ട് തകരില്ലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കരിങ്കൽ കെട്ട് ഇടിഞ്ഞു വീണതിനാൽ തോടിന്റെ നീരൊഴുക്കും തടസപ്പെട്ടിരിക്കുകയാണ്.